മുംബൈ: മഹാരാഷ്ട്രയ്ക്ക് ഉടന്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ശിവസേനാ (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്തിന്റെ പ്രവചനം. പ്രതിപക്ഷത്തെ എന്‍.സി.പി നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര സര്‍ക്കാരില്‍ എന്‍.സി.പി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായി ഉള്‍പ്പെടുത്തിയത് ഏകനാഥ് ഷിന്‍ഡെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള പ്രക്രിയയുടെ തുടക്കമാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
‘ഷിന്‍ഡെ സര്‍ക്കാരിലെ ചില എം.എല്‍.എമാര്‍ ഉടനെ അയോഗ്യരാക്കപ്പെടും. അതിന് ശേഷവും
അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് അജിത് പവാറും എന്‍.സി.പി എം.എല്‍.എമാരും ഇപ്പോള്‍ അവരോടൊപ്പം ചേര്‍ന്നിരിക്കുന്നത്.
ഇന്നുണ്ടായ സംഭവ വികാസങ്ങള്‍ ഞാന്‍ നേരത്തെ പ്രവചിച്ചിരുന്നതാണ്. അത് പലപ്പോഴായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്. അധികം വൈകാതെ തന്നെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അയോഗ്യനാക്കപ്പെടും.
അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലുള്ള അയോഗ്യതയുടെ വാള്‍ ഉടനെ വീഴും. ഷിന്‍ഡെക്കൊപ്പം കൂറുമാറിയ 16 എം.എല്‍.എമാരും ഉടന്‍ അയോഗ്യരാക്കപ്പെടും. അതിന് വേണ്ടിയാണ് ബി.ജെ.പി ഇപ്പോള്‍ പുതിയ ആളുകളുടെ പിന്തുണ കൊടുത്തിട്ടുള്ളത്,’ റാവത്ത് പറഞ്ഞു.
എന്‍.സി.പിയിലെ ഒരു വിഭാഗം സര്‍ക്കാരില്‍ ചേര്‍ന്നതും പാര്‍ട്ടിയിലുണ്ടായ കലഹവും രാഷ്ട്രീയ ഭൂകമ്പമൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ഈ സംഭവത്തെ കാണേണ്ടതില്ല. രണ്ട് എഞ്ചിനുകളില്‍ ഒന്ന് ഉടനെ പരാജയപ്പെടാന്‍ പോകുകയാണ്.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന് ഇതേക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു. അഴിമതിയെ കുറിച്ച് വാ തോരാതെ പ്രസംഗിച്ചിരുന്ന ബി.ജെ.പി നേതാക്കള്‍ക്ക് ഇപ്പോള്‍ എന്തെങ്കിനും പറയാനുണ്ടോയെന്ന് മാധ്യമങ്ങള്‍ ചോദിക്കണം.
മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അന്വേഷണ ഏജന്‍സികളെ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നേരിട്ട് കാണാനവസരം ലഭിച്ചിരിക്കുകയാണ്. മുഴുവന്‍ രാജ്യവും ഇത് കണ്ടുകൊണ്ടിരിക്കുകയാണ്,’ റാവത്ത് പറഞ്ഞു.