| Friday, 28th February 2020, 6:18 pm

മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്രാ സഖ്യ സര്‍ക്കാര്‍; ശിവസേന ഇത്തരം മൂല്യങ്ങളെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണെന്ന് നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സഖ്യ സര്‍ക്കാര്‍. ന്യൂനപക്ഷ വകുപ്പ് മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘മുസ്‌ലിങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ നിയമ നിര്‍മ്മാണം ഉടനുണ്ടാകും’, നിയമസഭാ കൗണ്‍സിലില്‍ നവാബ് മാലിക് പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.സി ശരദ് രണ്‍പിസെയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2014ല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാരിന്റെ കാലത്ത് മറാത്താ വിഭാഗത്തിന് 14 ശതമാനവും മുസ് ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും അഞ്ച് ശതമാനവും സംവരണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ, ഈ വിജ്ഞാപനം മാറ്റിവെച്ചെങ്കിലും മുസ്‌ലിങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം അനുവദിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിയതോടെ മതത്തിന്റെ പേരില്‍ സംവരണം നല്‍കില്ലെന്ന വാദമുയര്‍ത്തി മുസ്‌ലിങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം നല്‍കില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ഭരണഘടനാ പ്രകാരം മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാന്‍ കഴിയില്ലെന്ന് വാദിച്ച ബി.ജെ.പിയുടെ എം.എല്‍.സി വിജയ് ഗിര്‍കറിന് മറുപടിയായി മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ നിയമ ബാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മാലിക് വ്യക്തമാക്കി.

‘ഞാന്‍ ഈ പ്രഖ്യാപനം നടത്തിയതിന് ശേഷം എല്ലാവരും ശിവസേനയെ ആണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഞാന്‍ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു ശിവസേനയുടെ പൂര്‍ണ പിന്തുണ ഞങ്ങള്‍ക്കുണ്ട്. പിന്നാക്ക വിഭാഗവും, മതന്യൂനപക്ഷങ്ങളും സമൂഹങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നീതിയുക്തമായി പരിഹരിക്കാന്‍ എല്ലാ പിന്തുണയും സേന ഉറപ്പ് നല്‍കിയിട്ടുണ്ട്. ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ ശിവസേന ഇക്കാര്യങ്ങളെയെല്ലാം എതിര്‍ത്തിരുന്നെങ്കിലും അവര്‍ ഇത്തരം മൂല്യങ്ങളെ തിരികെ പിടിക്കുന്നുണ്ട്’, മാലിക് കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നതോടെ 79 ശതമാനം സംവരണമാണ് വിദ്യാഭ്യാസ രംഗത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍ അനുവദിക്കുന്നത്. മറാത്താ വിഭാഗത്തിന് 12 ശതമാനവും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 10 ശതമാനവുമാണ് നിലവില്‍ വിദ്യാഭ്യാസ രംഗത്ത് സംവരണമുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more