മഹാരാഷ്ട്രയില്‍ പൊതുസ്ഥലം കയ്യേറി ശിവജിയുടെ പ്രതിമ സ്ഥാപിച്ച് എം.എല്‍.എ; നീക്കം ചെയ്ത് പൊലീസ്
national news
മഹാരാഷ്ട്രയില്‍ പൊതുസ്ഥലം കയ്യേറി ശിവജിയുടെ പ്രതിമ സ്ഥാപിച്ച് എം.എല്‍.എ; നീക്കം ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 8:54 pm

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ അനധികൃതമായി സ്ഥാപിച്ച ശിവജി പ്രതിമ പൊലീസ് നീക്കം ചെയ്തു. അമരാവതിയിലെ എം.എല്‍.എയാണ് അനധികൃതമായി പ്രതിമ സ്ഥാപിച്ചത്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമരാവതിയിലെ സ്വതന്ത്ര എം.എല്‍എയായ രവി റാണയാണ് ജനുവരി 12ന് രാജ്‌പെത്ത് മേല്‍പാലത്തിന് സമീപം പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ യാതൊരു വിധത്തിലുള്ള നടപടി ക്രമങ്ങളും പാലിക്കാതെ, സ്ഥലം കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തുടര്‍ന്ന് ശനിയാഴ്ച രാത്രി ഏറെ വൈകി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രതിമ നീക്കം ചെയ്തതെന്ന് അമരാവതി പൊലീസ് കമ്മീഷണര്‍ ആര്‍തി സിംഗ് പി.ടി.ഐയോട് പറഞ്ഞു.

എന്നാല്‍, ഇത്തരത്തിലുള്ള പ്രതിമകള്‍ സംസ്ഥാനത്തൊട്ടാകെ അനുമതി കൂടാതെയാണ് സ്ഥാപിക്കാറുള്ളതെന്നായിരുന്നു എം.എല്‍.എ രവി റാണ പറയുന്നത്. പ്രതിമ നീക്കിയതിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അമരാവതി മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ അഷ്ടികാറിന്റെ കോലം കത്തിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു.

കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാനായി എം.എല്‍.എയെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Maharashtra: Shivaji Maharaj statue installed illegally removed in Amravati