മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
Daily News
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th September 2014, 2:35 pm

[] മുംബൈ: മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തില്‍ ആേഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തത്. ഒക്ടോബര്‍ 15ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്കിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ്-എന്‍.സി.പി ബന്ധം തകര്‍ന്നിരുന്നു. സഖ്യം വേര്‍പിരിഞ്ഞ ശേഷം എന്‍.സി.പി സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ചവാന്‍ രാജി നല്‍കിയത്.

സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ ദിവസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം അവസാനിച്ചത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട്  25 വര്‍ഷം നീണ്ട ബി.ജെ.പി-ശിവസേന സഖ്യവും വേര്‍പിരിഞ്ഞിരുന്നു. ഇതോടെ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് മഹാരാഷ്ട്രയില്‍ സാധ്യതയേറുന്നത്.