| Thursday, 21st November 2019, 3:15 pm

തിരക്കഥകള്‍ക്കൊടുവിലെ മഹാരാഷ്ട്ര; സഖ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന നിര്‍ണായക കാര്യങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അടുത്ത ദിവസങ്ങളില്‍തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന. നിരവധി കൂടിക്കാഴ്ചകള്‍ക്കും നിര്‍ണായക യോഗങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനത്തിനടുത്തെത്തിനില്‍ക്കുന്നത്.

സഖ്യത്തിലെ എല്ലാ എം.എല്‍.എമാരുടെയും പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ശനിയാഴ്ച ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. മുംബൈയില്‍ ചേരുന്ന മൂന്ന് പാര്‍ട്ടികളുടെയും യോഗത്തില്‍വെച്ചാവും അന്തിമതീരുമാനമുണ്ടാവുക എന്നാണ് വിവരം.

സേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാര്‍ രൂപീകരണം എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന നിര്‍ണായകമായ പത്ത് കാര്യങ്ങള്‍ ഇവയാണ്

1. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണയറിയിച്ച് മൂന്ന് പാര്‍ട്ടികളുടെയും എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ശനിയാഴ്ച ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എല്ലാം നല്ല രീതിയില്‍ തുടരുകയാണെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടാകുമെന്ന് ശിവസേന, എന്‍.സി.പി വൃത്തങ്ങളും അറിയിച്ചു.

2. അന്തിമ തീരുമാനമെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പാര്‍ട്ടി നേതാക്കളെ കണ്ടു. ബി.ജെ.പിയുമായുള്ള ബന്ധമുപേക്ഷിച്ചുവന്ന ശിവസേന കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണ ആവശ്യപ്പെട്ടത് മുഖവിലക്കെടുക്കണം. വര്‍ഗീയക്കെതിരായ പോരാട്ടത്തില്‍ മുഖ്യ ശത്രു ബി.ജെ.പിയാണെന്നും സോണിയ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

3. മഹാരാഷ്ട്രയില്‍ നാളെ തീരുമാനമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സുസ്ഥിരമായ സര്‍ക്കാരിനുവേണ്ടിയാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

4. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സഖ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍കൂടി ചര്‍ച്ച ചെയ്യാനുണ്ടെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ, ശിവസേനയുടെയോ എന്‍.സി.പിയുടെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയില്ലാതെ ആര്‍ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു.

5. മൂന്ന് പാര്‍ട്ടികളും പൊതു അജണ്ടയെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് ചില വൃത്തങ്ങള്‍ സൂചന നല്‍കി. അധികാരം പങ്കുവക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ ധാരണയിലേക്കെത്തിയിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

6. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെടുന്നത്. എന്നാല്‍ അതൊരു പ്രധാന പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യമവസാനിപ്പിച്ചതിന് ശേഷം എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും അന്തിമ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ് സേന. ബി.ജെ.പി അംഗീകരിക്കാതിരുന്ന മുഖ്യമന്ത്രി സ്ഥാനത്തിന്റെ പങ്കിടലിനും തുല്യ മന്ത്രി സ്ഥാനങ്ങള്‍ക്കും സേന തയ്യാറാണെന്നാണ് വിവരം.

7. പിന്തുണ ആവശ്യപ്പെട്ട് ശിവസേന ഇരുപാര്‍ട്ടികളെയും സമീപിച്ച് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷം ബുധനാഴ്ച എന്‍.സി.പിയും കോണ്‍ഗ്രസും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തി. മോദി-പവാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

8. മോദി-പവാര്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി, എന്‍.സി.പിയുടെ പിന്തുണ തേടിയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പാര്‍ലമെന്റില്‍ മോദി, ശരദ് പവാറിനെയും എന്‍.സി.പിയെയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

9. ഹിന്ദുത്വ ആശയങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ശിവസേനയുമായി ധാരണയിലെത്തുന്നതിന് ഇരു പാര്‍ട്ടികളെയും കുഴയ്ക്കുന്നത്. ശിവസേനയോട് ഇത്തരം ആശയങ്ങളില്‍നിന്ന് പിന്മാറണമെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതും ഇതാണ്. സേനയുമായി സഖ്യത്തിലേര്‍പ്പെടരുതെന്ന് കേരളത്തിലെ മുസ്‌ലിം ലീഗ് സോണിയയോട് ആവശ്യപ്പെട്ടു.

10. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ പാര്‍ട്ടികളും പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ശുപാര്‍ശയിലൂടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭഫറണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more