മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാഹുല്‍ഗാന്ധിയോട് അടുപ്പമുള്ളവരെ തഴയുകയാണ് നേതൃത്വമെന്ന് മുന്‍ ഡി.സി.സി അധ്യക്ഷന്‍
Maharashtra Election
മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാഹുല്‍ഗാന്ധിയോട് അടുപ്പമുള്ളവരെ തഴയുകയാണ് നേതൃത്വമെന്ന് മുന്‍ ഡി.സി.സി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2019, 1:16 pm

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന്‌ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍കൊണ്ട് നിറയുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഡിസിസി മുന്‍ അധ്യക്ഷന്‍ സഞ്ജയ് നിരുപം.

ദല്‍ഹിയിലിരിക്കുന്ന നേതാക്കള്‍ക്ക് പ്രാദേശികമായ യാഥാര്‍ത്ഥ്യങ്ങള്‍ അറിയില്ലെന്നും നിരുപം വിമര്‍ശിച്ചു. ‘പ്രചാരണത്തില്‍നിന്നും അകലെയായതിനാല്‍ അവര്‍ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. പ്രാദേശികമായി പ്രവര്‍ത്തിക്കുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു രീതിയും നിലവിലില്ല’, നിരുപം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നവര്‍ അരികുവല്‍ക്കരിക്കപ്പെടുകയാണെന്നും നിരുപം ആരോപിച്ചു. ‘വെര്‍സോവയില്‍നിന്നും ഒരാള്‍ മത്സരിക്കണമെന്നായിരുന്നു എന്റെ ആവശ്യം. അത് തിരസ്‌കരിക്കപ്പെട്ടു. രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാവരെയും തന്ത്രപൂര്‍വ്വം ഒതുക്കുകയാണെന്നതിന് തെളിവാണ് അത്. പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ചിലരെ തഴയാന്‍ മാത്രമാണ് ഉദ്ദേശം’, നിരുപം കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയിക്കുമെന്ന് ഉറപ്പുള്ള 20 പേര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കാതെ ഒഴിവാക്കിയെന്നും സഞ്ജയ് നിരുപം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘മുഖസ്തുതിക്കാരായ ചിലര്‍ നല്‍കുന്ന തെറ്റായ വിവരം മാത്രമാണ് സോണിയഗാന്ധി പരിഗണിക്കുന്നത്. എന്റെ ആശങ്കയെക്കുറിച്ച് ഞാന്‍ ചില മുതിര്‍ന്ന നേതാക്കളെ ബോധിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. ഞാനിനി ഇത്തരത്തിലൊന്നിനും മുതിരില്ല’, നിരുപം പറഞ്ഞു.

തന്നെ കേള്‍ക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ താന്‍ രാജി വക്കുമെന്നും നിരുപം മുന്നറിയിപ്പ് നല്‍കി. ‘പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ ഇങ്ങനെത്തന്നെ തുടരുകയാണെങ്കില്‍ ഞാന്‍ പിന്നെ തുടരുന്നതുകൊണ്ട് കാര്യമുണ്ടാവില്ല’. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവില്ലെന്നും നിരുപം പറഞ്ഞു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന പാളയത്തിലേക്കു പോകുന്നതിനിടെയാണ് നിരൂപത്തിന്റെ പ്രസ്താവന.

മുന്‍ രാജ്യസഭാംഗമായ സഞ്ജയ് നിരുപത്തിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിന്റെ അധ്യക്ഷസ്ഥാനത്തു നിന്നു നീക്കി പകരം മിലിന്ദ് ദേവ്‌റെയെ നിയമിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മുംബൈയില്‍ ഒരു സീറ്റു പോലും നേടാനാകാത്തതിനെ തുടര്‍ന്നു ദേവ്‌റയ്‌ക്കെതിരെ സഞ്ജയ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നു ദേവ്‌റെയും അധ്യക്ഷ പദവി ഒഴിയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ