മുംബൈ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനത്ത് ശക്തമാക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാകില്ലെന്നും ആശുപത്രി ബെഡുകളുടെയും ഓക്‌സിജന്‍ ലഭ്യതയുടെയും കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും ഉദ്ദവ് അറിയിച്ചു.
ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയതായും താക്കറെ അറിയിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി കൊവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
മൂന്നാം തരംഗത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. കുട്ടികള്‍ക്കായി ഒരു കൊവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. ആശുപത്രിയാണെന്ന തോന്നലുണ്ടാക്കാത്ത തരത്തിലാണ് ഓരോ കൊവിഡ് വാര്‍ഡും’, കോര്‍പ്പറേറ്റര്‍ അഭിജിത്ത് ഭോസ്ലേ പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.53 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.80 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ആകെ മരണം 3.29 ലക്ഷമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു.എസില്‍ മൂന്ന് കോടി നാല്‍പ്പത് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത് ലക്ഷം കടന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlights: Third Wave In Maharashtra