മുംബൈ: മഹാരാഷ്ട്രയിലുള്ള 27000 അതിഥി തൊഴിലാളികള്‍ക്ക് ജന്മനാടുകളിലേക്ക് മടങ്ങുവാനുള്ള ട്രെയിന്‍ യാത്രാക്കൂലി നല്‍കിയെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. നാടുകളിലേക്ക് മടങ്ങി പോവുന്ന അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി കോണ്‍ഗ്രസ് ഘടകങ്ങള്‍ വഹിക്കുമെന്ന് മെയ് 4ന് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.
ജില്ലാ തലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിയാണ് കോണ്‍ഗ്രസ് നല്‍കിയത്. ഇത് വരെ 27,865 തൊഴിലാളികള്‍ ജന്മനാടുകളിലേക്ക് മടങ്ങിയെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പറഞ്ഞു.
ഊര്‍ജ്ജ മന്ത്രി നിതിന്‍ റാവത്ത് നാല് സ്‌പെഷ്യല്‍ ട്രെയിനുകളുടെ തുക നല്‍കി. മന്ത്രിമാരായ ഡോ. വിശ്വജിത്ത് കദവും സുനില്‍ കേദാറും തൊഴിലാളികള്‍ പോവുന്ന രണ്ട് ട്രെയിനുകളുടെ തുകയും നല്‍കി.മന്ത്രിമാരായ വിജയ് വഡേട്ടിയാറും യശോമതി താക്കൂറും നിരവധി തൊഴിലാളികള്‍ക്ക് നാട്ടിലെത്താനുള്ള പണം നല്‍കിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.
സത്താറ, അഹമ്മദ്‌നഗര്‍, പൂനെ, നാഗ്പൂര്‍, ചന്ദ്രാപൂര്‍, കോലാപ്പൂര്‍, സംഗ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള 3567 തൊഴിലാളികളെ സ്വകാര്യ വാഹനങ്ങളില്‍ നാടുകളിലെത്തിച്ചു. ഈ വാഹനങ്ങളുടെ ചെലവ് വഹിച്ചത് കോണ്‍ഗ്രസാണ്. ഭക്ഷണം, മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവയും നല്‍കിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.