എക്‌സിറ്റ് പോളില്‍ വിശ്വസിക്കേണ്ട; മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേനയുടെ കാലുവാരുമെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും
ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഈ എക്സിറ്റ് പോളുകളെ തള്ളിക്കളയുകയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. യാഥാര്‍ത്ഥ്യം എക്സിറ്റ് പോളുകളില്‍ നിന്ന് ഏറെ അകലെയാണെന്ന് അവര്‍ പറയുന്നു.

അമ്പത് മണ്ഡലങ്ങളില്‍ ശിവസേനയ്ക്കും ബി.ജെ.പിയ്ക്കും വിമതരുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ഇത് ഈ മണ്ഡലങ്ങളില്‍ ഭരണസഖ്യത്തിന്റെ വിജയസാധ്യതയെ തകര്‍ക്കും. മാത്രമല്ല പല സീറ്റുകളിലും ശിവസേനയും ബി.ജെ.പിയും പരസ്പരം കാലുവാരിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.

കോലാപ്പൂര്‍, സംഗ്ലി മേഖലകളില്‍ വിമതര്‍ ഭരണസഖ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. പ്രളയം ബാധിച്ച കാഗല്‍ പോലുള്ള മണ്ഡലങ്ങളില്‍ പോളിംഗ് ഉയര്‍ന്നതും ഭരണകക്ഷികള്‍ക്കെതിരെയുള്ള വികാരമാണെന്ന് ഇവര്‍ കരുതുന്നു.

ശരത് പവാറിന് സംസ്ഥാനത്ത് തന്റെ ജനപ്രീതി വീണ്ടും തിരികെ പിടിക്കാനായെന്നും ഇവ വോട്ടായി മാറുമെന്നും പ്രതിപക്ഷം വിശ്വസിക്കുന്നു. ഇത് തങ്ങളുടെ സ്വാധീന മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നും അവര്‍ കരുതുന്നു.

100 മുതല്‍ 110 സീറ്റ് വരെയാണ് കോണ്‍ഗ്രസ്-ശിവസേന സഖ്യം പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട് നേരത്തെ പറഞ്ഞിരുന്നു. ജനരോഷം ശക്തമായാല്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു.