മുംബൈ: ചാനൽ ചർച്ചയിൽ പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ മുൻ ബി.ജെ.പി വക്താവ് നുപുർ ശർമയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര പൊലീസ്. ഈ മാസം 22ന് ഹാജരാകണമെന്നാണ് നിർദേശം. മുമ്പ്ര താനെയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തണമെന്നാണ് നിർദേശമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നുപുർ ശർമയ്ക്കെതിരെ മുമ്പ്ര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
നിയമപ്രകാരം മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പിന്നീട് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മുംബൈ പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മെയ് 28നാണ് പൊലീസ് നുപുർ ശർമയ്ക്കെതിരെ കേസെടുക്കുന്നത്. റാസ അക്കാദമി തലവൻ ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
നുപുർ നടത്തിയ പരാമർശം വിവാദമായതോടെ ഇവരെ ബി.ജെ.പി സസ്പെൻഡ് ചെയ്തിരുന്നു.
ടൈംസ് നൗ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു നുപുറിന്റെ വിദ്വേഷ പരാമർശം. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ പ്രവാചകനെതിരെ നുപുർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സംഭവത്തെ അപലപിച്ച് വിവിധ ഗൾഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയതോടെ നുപുർ ക്ഷമാപണം നടത്തിയിരുന്നു.
വിവാദം കനത്തതോടെ പ്രധാനമന്ത്രിയ്ക്കെതിരെയും കടുത്ത വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
Content Highlight: Maharashtra police summoned Nupur sharma on controversial statement regarding prophet