| Tuesday, 26th May 2020, 12:07 pm

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പൊലീസുകാര്‍ക്ക് കൊവിഡ്; രണ്ട് പൊലീസുകാര്‍ മരണപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 80 പൊലീസുകാര്‍ക്ക്. ചികിത്സയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1889 ആയി. 20 പൊലീസുകാരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50000 കടന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മൊത്തം കൊവിഡ് രോഗികളില്‍ 36 ശതമാനവും മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ മാത്രം 30,542 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 548 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 156 ല്‍ 59 കേസും ഗോലാഗട്ട് ജില്ലയില്‍ നിന്നാണ്.

രാജസ്ഥാനില്‍ 76 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7376 ആയി.

ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നിട്ടുണ്ട്. 4,167 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6535 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 60491 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more