| Tuesday, 31st October 2023, 8:25 am

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിലൂടെ ഐ.പി.എല്‍ പ്രൊമോഷന്‍; സഞ്ജയ് ദത്തിനും റാപ്പര്‍ ബാദ്ഷായ്ക്കുമെതിരെ കേസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാപ്പര്‍ ബാദ്ഷായ്ക്കും നടന്‍ സഞ്ജയ് ദത്തിനുമുള്‍പ്പെടെ 40 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മഹാരാഷ്ട്ര പൊലീസ്. ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ ഫെയര്‍ പ്ലേയിലൂടെ ഐ.പി.എല്‍ സംപ്രേഷണം പ്രൊമോട്ട് ചെയ്തത് ചൂണ്ടിക്കാണിച്ച് ദി വയാകോം 18 നെറ്റ് വര്‍ക്ക് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഞ്ജയ് ദത്തിന് പുറമേ അനധികൃത സംപ്രേഷണത്തിന്റെ പ്രൊമോഷനായി മറ്റ് നിരവധി താരങ്ങളേയും ഗായകരേയും ഫെയര്‍പ്ലേ ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ബാദ്ഷായെ തിങ്കളാഴ്ച നാല് മണിക്കൂര്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് വയാകോം 18 നെറ്റ് വര്‍ക്കിനാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഫെയര്‍പ്ലേ അനധികൃതമായാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതെന്നും ഇത് ഡിജിറ്റല്‍ പൈറസിയാണെന്നും സ്‌പെഷ്യല്‍ ഐ.ജി. യശസ്വി യാദവ് പറഞ്ഞതു.

അനധികൃത സംപ്രേഷണത്തില്‍ താരങ്ങളുടെ പങ്ക് എന്താണെന്ന് അന്വേഷിക്കുമെന്നും അതിനനുസരിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും യാദവ് വ്യക്തമാക്കി. എന്നാല്‍ ബാദ്ഷാ കേസില്‍ പ്രതിയല്ലെന്നും സാക്ഷിയാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ബാദ്ഷാ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്‍ബീര്‍ കപൂര്‍, ഹുമ ഖുറേഷി, കപില്‍ ശര്‍മ, ശ്രദ്ധ കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് സമന്‍സ് അയച്ചിരുന്നുവെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണക്കേസില്‍ ഇ.ഡി. അന്വേഷണം നേരിടുന്ന മഹാദേവ് അപ്പുമായി ബന്ധമുള്ള ആപ്പാണ് ഫെയര്‍പ്ലേ.

Content Highlight: Maharashtra Police has registered a case against 40 people including rapper Badshah and actor Sanjay Dutt

We use cookies to give you the best possible experience. Learn more