ബിൽകീസ് ബാനു കേസ്; മഹാരാഷ്ട്ര നിയമം പ്രതികളുടെ മോചനത്തിന് വഴി തുറക്കില്ല
national news
ബിൽകീസ് ബാനു കേസ്; മഹാരാഷ്ട്ര നിയമം പ്രതികളുടെ മോചനത്തിന് വഴി തുറക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 1:39 pm

മുംബൈ: ബിൽകീസ് ബാനു കേസിൽ മഹാരാഷ്ട്ര നിയമം പ്രതികൾക്ക് ജയിൽ മോചനത്തിനുള്ള വഴി തുറക്കില്ല.

കുറ്റകൃത്യം നടന്ന സംസ്ഥാനമല്ല, കേസിന്റെ വിചാരണ നടന്ന സംസ്ഥാനമാണ് പ്രധാനമെന്ന് പ്രതികളുടെ ജയിൽ മോചന ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി വിധിപ്രസ്താവനയിൽ പറഞ്ഞിരുന്നു.

എന്നാൽ മഹാരാഷ്ട്രയിലെ നിയമമനുസരിച്ച് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ 28 വർഷത്തെ തടവിന് ശേഷമേ മോചിപ്പിക്കാനായി പരിഗണിക്കുകയുള്ളൂ.

ബിൽകീസ് ബാനു കേസിലെ 11 പ്രതികളും 15 വർഷത്തോളമാണ് തടവ് അനുഭവിച്ചത്. അതിനാൽ മഹാരാഷ്ട്ര സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാൽ പോലും അതിന് 2036 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.

11 പ്രതികളോടും രണ്ടാഴ്ചക്കകം ജയിലിൽ കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം കേസിലെ 11 പ്രതികളിൽ ഒമ്പത് പേർ ഒളിവിൽ പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ താമസിച്ച ഗുജറാത്തിലെ ദഹോത് ജില്ലയിലെ വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ബിൽകീസ് ബാനുവിന് പുറമെ മുൻ എം.പി മഹുവ മൊയ്‌ത്ര, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സ്വതന്ത്ര പത്രപ്രവർത്തകയും ചലച്ചിത്ര പ്രവർത്തകയുമായ രേവതി ലോൾ, പ്രൊഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വർമ എന്നിവരും ഹരജി നൽകിയിരുന്നു.

ഗർഭിണിയായ ബിൽകീസ് ബാനുവിനെ 2002ലെ ഗുജറാത്ത് കലാപത്തിനിടയിൽ  ബലാത്സംഗം ചെയ്ത പ്രതികൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു.

ബോംബെ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കേസിലെ 11 പ്രതികളെയും 2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് വിട്ടയച്ചിരുന്നു. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയായിരുന്നു ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ടത്.

Content Highlight: Maharashtra norms will not pave way for the release of Culprits in Bilkis bano Case