മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഭൂരിഭാഗം എം.എല്‍.എമാരുടെയും പേരില്‍ സി.ബി.ഐ, ഇ.ഡി കേസുകള്‍. അജിത് പവാറുമായി അടുപ്പമുള്ള അഴിമതിക്കാരായ എം.എല്‍.എമാരാണ് ഇന്ന് ബി.ജെ.പിക്കൊപ്പം മന്ത്രിസഭയുടെ ഭാഗമായത്.
പ്രതിപക്ഷത്ത് നിന്ന് ഇന്ന് കൂറുമാറി, ഭരണപക്ഷത്തിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ നേരത്തെ ഇ.ഡിയും മറ്റു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും നിരന്തരം അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നതാണ്. 2021-22 കാലഘട്ടത്തില്‍ പലപ്പോഴും അദ്ദേഹത്തിന്റൈ വസതികളില്‍ ഇ.ഡി, ഐ.ടി വകുപ്പുകള്‍ റെയ്ഡ് നടത്തിയിട്ടുണ്ട്.
എന്‍.സി.പി പിളര്‍ത്തിയ നേതാക്കള്‍ക്കെതിരെ സമാനമായ രീതിയിലൊരു വിമര്‍ശനം മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയും ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ഉയര്‍ത്തി. ഇന്ത്യ ടുഡെയുടെ ചാനല്‍ ചര്‍ച്ചയിലാണ് രാജ്ദീപ് ഇത്തരമൊരു വാദമുയര്‍ത്തിയത്.
‘എന്‍.സി.പി നേതാവായ ഹസന്‍ മുഷ്‌രിഫിനെതിരെ അഴിമതിക്കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇ.ഡി നടപടിയെടുത്തിരുന്നു. നിരവധി അഴിമതി കേസുകളില്‍ ഹസനെതിരെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടിയിരുന്നു.
ഇന്ന് മന്ത്രിയായ മറ്റൊരു നേതാവ് ഛഗന്‍ ബുജ്ബല്‍ ദേവേന്ദ്ര ഫഡ്‌നാവിഡ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് വര്‍ഷം ജയിലില്‍ അടക്കപ്പെട്ട എന്‍.സി.പി നേതാവാണ്. ധനഞ്ജയ് മുണ്ടെക്കെതിരെയും നിരവധി അഴിമതി കേസുകള്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും ബി.ജെ.പിയും കേന്ദ്ര ഏജന്‍സികളും അഴിമതിയാരോപണങ്ങളുടെ പേരില്‍ വേട്ടയാടിയിട്ടുണ്ട്,’ സര്‍ദേശായി പറഞ്ഞു.
ബി.ജെ.പി ജയിലിലാക്കേണ്ടവരാണ് മഹാരാഷ്ട്രയില്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതെന്ന രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്തും റീട്വീറ്റും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ശരദ് പവാറിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉദ്ധവ് താക്കറെക്കൊപ്പം ഞങ്ങള്‍ എല്ലാം വീണ്ടും പുനര്‍നിര്‍മിക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ‘മഹാരാഷ്ട്ര രാഷ്ട്രീയം വൃത്തിയാക്കാനുള്ള ദൗത്യം ചിലര്‍ ഏറ്റെടുത്തിട്ടുണ്ട്. അവര്‍ അവരുടെ വഴിക്ക് പോകട്ടെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു.
താന്‍ ശക്തനാണെന്നും ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉദ്ധവ് താക്കറെക്കൊപ്പം ഞങ്ങള്‍ എല്ലാം വീണ്ടും പുനര്‍നിര്‍മിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു. ആളുകള്‍ ഈ അധികാരക്കളി അധികകാലം സഹിക്കില്ല,’ റാവത്ത് ട്വീറ്റ് ചെയ്തു.
Content Highlights: maharashtra new ministers were were haunted by ED and CBI