മുംബൈ: സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ശിവസേനയുടെ സഖ്യകക്ഷിയായ എന്‍.സി.പി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിവിധ സമുദായങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസ് കണ്ടെത്തുന്നതിനാണ് സെന്‍സസ് നടത്തണമെന്ന് ആവശ്യം ഉന്നയിച്ചതെന്ന് എന്‍.സി.പി വ്യക്തമാക്കിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെടുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് എന്‍.സി.പി സംസ്ഥാന യൂണിറ്റ് പ്രസിഡന്റും ജലവിഭവ വകുപ്പ് മന്ത്രിയുമായ ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് രാജ്യസഭാ സീറ്റുകളിലേക്കും, പത്ത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്കല്‍ ബോഡി സീറ്റുകളിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് സര്‍വകക്ഷിയോഗം അനുമതി നല്‍കിയതായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയും വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സെന്‍സസ് നടത്തുന്നതിനായി 500കോടി രൂപ ബജറ്റില്‍ വിലയിരുത്തിയതായി ചീഫ് സെക്രട്ടരി അമീര്‍ സുബ്ഹാനി അറിയിച്ചു.
അടുത്ത വര്‍ഷം 23നകം സെന്‍സസ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിച്ചതിന് പിന്നാലെയാണ് ആവശ്യമുന്നയിച്ച് സര്‍വകക്ഷി യോഗം ചേര്‍ന്നത്.
ബി.ജെ.പി, ജെ.ഡി.യു, കോണ്‍ഗ്രസ്, സി.പി.ഐ.എം.എല്‍ (ലിബറേഷന്‍), സി.പി.ഐ, എച്ച്.എ.എം, എ.ഐ.എം.ഐ.എം, വി.ഐ.പി എന്നീ പാര്‍ട്ടി നേതാക്കളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
സെന്‍സസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാരിന്റെ പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കുമെന്നും എല്ലാ ജാതിയിലും സമുദായത്തിലും പെട്ടവരെ ഉള്‍പ്പെടുത്തി ആയിരിക്കും സെന്‍സസ് നടത്തുകയെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.