|

'മദ്യശാലകള്‍ ഉടനടി തുറക്കണം'; ധാര്‍മ്മിക പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് എം.എന്‍.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ മദ്യശാലകളും ബാറുകളും ഉടനെ തന്നെ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് എം.എന്‍.എസ്. ധനനഷ്ടത്തെ മറികടക്കുന്നതിന് വേണ്ടി ധാര്‍മ്മിക പ്രശ്‌നങ്ങളെ മാറ്റിവെക്കണമെന്നും എം.എന്‍.എസ് അദ്ധ്യക്ഷന്‍ രാജ് താക്കറേ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എക്‌സൈസ് ഡ്യൂട്ടിയായി 41.66 കോടി രൂപയാണ് ഒരു ദിവസം സര്‍ക്കാരിന് ലഭിക്കുന്നത്. 1250 കോടി രൂപ മാസത്തിലും 14000 കോടി രൂപ വര്‍ഷത്തിലും ലഭിക്കുന്നുണ്ടെന്നും രാജ് താക്കറേ പറഞ്ഞു.

സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നുവെങ്കില്‍ സംസ്ഥാനത്ത് മദ്യഷോപ്പുകള്‍ തുറക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രാജ് താക്കറേയുടെ ആവശ്യം.

നിലവിലെ അവസ്ഥയെ കൃത്യമായി പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. സാമ്പത്തികമായി വേണ്ടത്ര കരുത്തരായിരിക്കുക എന്നത് അത്യാവശമാണ്. അതിന് വേണ്ടിയുള്ള നടപടികള്‍ വളരെ ഗൗരവത്തോടെ സ്വീകരിക്കണമെന്നും രാജ് താക്കറേ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.