മുംബൈ: കൊവിഡ് ചികിത്സയ്ക്കുള്ള റെംഡെസിവര്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇടപെട്ട് പൂഴ്ത്തിവെച്ചതായി ആരോപണം. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ റെംഡെസിവര്‍ പൂഴ്ത്തിവെച്ചെന്നാണ് മഹാസ് വികാസ് ആഘാഡി പറയുന്നത്.
കേന്ദ്രഭരണപ്രദേശമായ ദമനിലുള്ള ബ്രുക് ഫാര്‍മ കമ്പനി 60,000 പായ്ക്ക് റെംഡെസിവര്‍ പൂഴ്ത്തിവെച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ പൊലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കമ്പനി ഡയറക്ടറും മുംബൈ നിവാസിയുമായ രാജേഷ് ദോകാനിയയെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് സ്റ്റേഷനിലെത്തുകയും മഹാരാഷ്ട്രയില്‍ വിതരണം ചെയ്യാന്‍ ബ്രുക് ഫാര്‍മയില്‍ തങ്ങള്‍ റെംഡെസിവര്‍ ബുക് ചെയ്തിരുന്നു എന്നു പറയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി പൂഴ്ത്തിവെപ്പ് നടത്തുന്നെന്നാരോപിച്ച് മഹാസ് വികാസ് ആഘാഡി രംഗത്തെത്തിയത്.
നേരത്തെ, കേന്ദ്രസര്‍ക്കാരിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയ്ക്ക് റെംഡെസിവിര്‍ നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാരോപിച്ചാണ് നവാബ് മാലിക്ക് രംഗത്തെത്തിയത്.
16 എക്സ്പോര്‍ട്ട് കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ റെംഡെസിവിര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരുന്നാവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു. നിര്‍ദ്ദേശം മറികടന്ന് മഹാരാഷ്ട്രയ്ക്ക് മരുന്ന് നല്‍കിയാല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക