മുംബൈ: തെരഞ്ഞെടുപ്പ് റാലിയില്‍ സൈനികരെ അപമാനിച്ച് മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.സി. അതിര്‍ത്തിയിലുള്ള സെനികരെയും കുടുംബത്തിനെയും അപമാനിച്ച് കൊണ്ട് ബി.ജെ.പി ഷോലാപൂര്‍ എം.എല്‍.സി പ്രശാന്ത് പരിചാരകാണ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചത്.
“ഒരു കൊല്ലമായി വീട്ടിലെത്താത്ത പഞ്ചാബ് അതിര്‍ത്തിയിലെ സൈനികര്‍ തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു” എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യത്തെ അപമാനിക്കുന്ന എം.എല്‍.സിയുടെ പ്രസംഗത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.
ഷോലാപൂരിലെ ബി.ജെ.പി റാലിയിലായിരുന്നു പ്രശാന്ത് പരിചാരകിന്റെ വിവാദ പരാമര്‍ശങ്ങള്‍. പ്രശാന്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഖേദ പ്രകടനവുമായി പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ബി.ജെ.പി നേതൃത്വത്തോട് വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ടു.
ഏറെ അപമനാകരവും അപലപനീയവുമായ ഈ പ്രസ്ഥാവനയെ ബി.ജെ.പി നേതൃത്വം പിന്തുണക്കുന്നുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനു പുറമെ എന്‍.സി.പിയും പ്രശാന്ത് പരിചാരകിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ സൈനികരെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്നും താന്‍ സൈനികരെ ബഹുമാനിക്കുന്നയാളെന്നുമാണ് പ്രശാന്ത് പരിചാരക് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രശാന്ത് പറഞ്ഞു.