| Saturday, 8th June 2024, 9:48 pm

'അടച്ചിട്ട മുറിക്കുള്ളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ബി.ജെ.പി ലംഘിക്കും; വാഗ്ദാനങ്ങള്‍ രേഖാമൂലം എഴുതിവാങ്ങണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.ഡി.എ സഖ്യകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും മുന്നറിയിപ്പുമായി മഹാരാഷ്ട്ര എം.എല്‍.എ ആദിത്യ താക്കറെ. ബി.ജെ.പി-എന്‍.ഡി.എ സഖ്യം നല്‍കിയ വാഗ്ദാനങ്ങള്‍ സഖ്യകക്ഷികള്‍ക്ക് എഴുതി വാങ്ങണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയെന്ന് പരസ്യപ്പെടുത്തണമെന്നും ആദിത്യ താക്കറെ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പദവികളും പാക്കേജുകളും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് രേഖാമൂലം എഴുതിവാങ്ങി പരസ്യപ്പെടുത്തുക എന്നതാണ് തങ്ങളുടെ എളിയ നിര്‍ദേശമെന്നാണ് ആദിത്യ താക്കറെ കുറിച്ചത്.

അടിച്ചിട്ട മുറിക്കുള്ളില്‍ നല്‍കുന്ന എല്ലാം വാഗ്ദാനങ്ങളും ബി.ജെ.പി ലംഘിക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത് തങ്ങളുടെ അനുഭവത്തില്‍ നിന്ന് പറയുന്നതാണെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നിങ്ങള്‍ക്ക് കുറച്ചധികം സമയം നല്‍കുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നും ആദിത്യ താക്കറെ മുന്നറിയിപ്പ് നല്‍കി. ഇതിനുമുമ്പും ആദിത്യ താക്കറെ ഇത്തരത്തില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പറ്റുമെങ്കില്‍ പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനം നേടാന്‍ സഖ്യകക്ഷികള്‍ ശ്രമിക്കണമെന്ന് ആദിത്യ താക്കറെ നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ തന്ത്രങ്ങളില്‍ വീണുപോകരുതെന്നും ഉദ്ധവ് പക്ഷം സഖ്യകക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും ആവശ്യങ്ങള്‍ ബി.ജെ.പിയെ സമ്മര്‍ദത്തിലാഴ്ത്തിയിട്ടുണ്ട്. മുസ്‌ലിങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സംവരണം തുടരുമെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് നിതീഷ് കുമാറും പറഞ്ഞിരുന്നു.

സഖ്യകക്ഷികളുടെ സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ ബി.ജെ.പിയെ വെട്ടിലാക്കുകയാണ്. സഖ്യത്തിനുള്ളില്‍ നില്‍ക്കുമ്പോഴും തങ്ങളുടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് നായിഡു പറയുന്നു. അത് തങ്ങളുടെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: Maharashtra MLA Aditya Thackeray warns TDP and JDU

We use cookies to give you the best possible experience. Learn more