കേരളം മിനി പാകിസ്ഥാനെന്ന മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശം പ്രകോപനപരം: മുഖ്യമന്ത്രി
Kerala News
കേരളം മിനി പാകിസ്ഥാനെന്ന മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശം പ്രകോപനപരം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 12:13 pm

തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്ക്കരിച്ചും വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മഹാരാഷ്ട്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.

വിദ്വേഷ പ്രസ്താവന നടത്തിയ നിതേഷ് റാണെ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരു മിനി പാകിസ്ഥാന്‍ ആയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം അവിടെ വിജയിച്ചതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.

‘കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരിയുമെല്ലാം അവിടെ നിന്ന് വിജയിച്ചത്. അവര്‍ക്ക് വോട്ടുചെയ്യുന്നവരെല്ലാം തീവ്രവാദികളാണ്. ഇവരെല്ലാം എം.പി ആവുന്നത് തീവ്രവാദികളുടെ സപ്പോര്‍ട്ട് കൊണ്ടാണ്,’ എന്നാണ് നിതേഷ് റാണെ പറഞ്ഞത്.

പൂനെയില്‍വെച്ച് നടന്ന ഒരു പൊതുപരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം. കേരളത്തിനെതിരായ പ്രസ്താവനയില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ്, എന്‍.സി.പി ശരദ് പവര്‍ പക്ഷം എന്നിവര്‍ രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിയുടെ പരാമര്‍ശത്തില്‍ ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഒന്നിലധികം രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും നിതീഷ് റാണെ ഇത്തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളില്‍ മന്ത്രി നിയമനടപടിയും നേരിടുന്നുണ്ട്.

Content Highlight: Maharashtra minister’s remark that Kerala is mini Pakistan is provocative: Chief Minister