| Friday, 26th June 2020, 10:33 pm

നിങ്ങള്‍ കാറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയോ; പത്രം വായിക്കുന്നില്ലെ; പെട്രോള്‍ വില കൂടിയിട്ടുണ്ട്; അക്ഷയ് കുമാറിനെയും അമിതാഭ് ബച്ചനെയും ട്രോളി ഡോ. ജിതേന്ദ്ര ഔഹാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തുടര്‍ച്ചയായി 20ാം ദിവസവും ഇന്ധന വില രാജ്യത്ത് വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.20 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയും കൂടി.

എന്നാല്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനം ഉന്നയിച്ച പലരും ഇപ്പോള്‍ നിശബദരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അമിതാബ് ബച്ചന്‍ തുടങ്ങിയവരുടെ പഴയ ട്വീറ്റുകള്‍ ഇപ്പോള്‍ ചിലര്‍ കുത്തിപൊക്കിയിരുന്നു.

ഇപ്പോഴിതാ അക്ഷയ് കുമാറിനെയും അമിതാഭ് ബച്ചനെയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി ഡോ. ജിതേന്ദ്ര ഔഹാദത്ത. ട്വിറ്ററിലൂടെയായിരുന്നു ജിതേന്ദ്രയുടെ പരിഹാസം.

‘വില കുതിച്ചുയരുംമുമ്പ് പെട്രോള്‍ വാങ്ങാന്‍ മുംബൈയിലെ ജനം രാത്രി മുഴുവന്‍ ക്യൂ നില്‍ക്കുന്നതിനാല്‍ എന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനുപോലും കഴിയുന്നില്ല’ എന്ന 2011 ലെ അക്ഷയ് കുമാറിന്റെ ട്വീറ്റും ”പെട്രോള്‍ വിലയില്‍ 7.5 രൂപയുടെ വര്‍ധന. പമ്പിലെത്തിയപ്പോള്‍ അറ്റന്‍ഡന്റ് -എത്ര രൂപക്ക് അടിക്കണം. മുംബൈക്കാരന്‍ -2-4ന് രൂപക്ക് കാറിന്റെ മുകളില്‍ ഒന്നു സ്‌പ്രേ ചെയ്താല്‍ മതി. കത്തിക്കാനാണ്’ എന്ന ബച്ചന്റെ 2012ലെ ട്വീറ്റും റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.

‘നിങ്ങള്‍ ട്വിറ്ററില്‍ സജീവമല്ലേ. കാര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയോ… നിങ്ങള്‍ പത്രങ്ങളൊന്നും വായിക്കുന്നില്ലേ… അക്ഷയ്, പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുകയാണ്. നിങ്ങള്‍ അറിയാന്‍ വേണ്ടി പറഞ്ഞെന്നുമാത്രം.’ എന്നായിരുന്നു അക്ഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മന്ത്രി ചോദിച്ചത്.

‘അമിതാഭ്, നിങ്ങള്‍ പിന്നീട് കാറില്‍ പെട്രോള്‍ അടിച്ചിട്ടില്ലേ..അല്ലെങ്കില്‍ ബില്ലിലേക്ക് നോക്കാത്തതാണോ. പക്ഷപാതിയല്ലെങ്കില്‍ ഇതാണ് അഭിപ്രായം പറയാനുള്ള സമയം. പെട്രോള്‍ വില മൂര്‍ധന്യത്തിലാണ്. ഞങ്ങള്‍ മുംബൈക്കാര്‍ എന്തു ചെയ്യണം..കാര്‍ കത്തിക്കണോ അതോ ഓടിക്കണോ’ എന്നായിരുന്നു ബച്ചന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ജിതേന്ദ്ര ഔഹാദത്ത ചോദിച്ചത്.

അതേസമയം ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more