| Monday, 29th July 2019, 10:51 am

കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും 50 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരും; അവകാശവാദവുമായി ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 50 കോണ്‍ഗ്രസ്, എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി
ബി.ജെ.പി നേതാവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയുമായ ഗിരീഷ് മഹാജന്‍.

50 കോണ്‍ഗ്രസ് എന്‍.സി.പി എം.എല്‍ മാര്‍ ബി.ജെ.പിയെ ബന്ധപ്പെട്ടിരുന്നു. ഒരുമാസം മുന്‍പ് മുതിര്‍ന്ന എന്‍.സി.പി നേതാവ് ചിത്ര വാഗ് ബി.ജെ.പിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കുറച്ച് ആഴ്ച്ചകള്‍ക്ക് ശേഷം എന്‍.സി.പിയും ദുര്‍ബലമാകും. മഹാജന്‍ പറഞ്ഞു.

നിരവധി നേതാക്കള്‍ എന്‍.സി.പി വിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവ് സച്ചിന്‍ അഹിര്‍ പാര്‍ട്ടി വിട്ട് ബി.ജി.പിയില്‍ ചേര്‍ന്നിരുന്നു. വൈഭവ് പിച്ചാഡും ബി.ജെ.പിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അതേസമയം സാമ്പത്തിക കേന്ദ്രങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വിലയ്ക്ക് വാങ്ങുകയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ളവര്‍ എന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണ ഏജന്‍സികളായ സി.ബി.ഐയെയും ഇ.ഡിയെയും എ.സി.ബിയെയും ഉപയോഗിച്ച് എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളെ സമ്മര്‍ദത്തിലാക്കുകയാണെന്നും അത് അവര്‍ക്കിടയിലുള്ള വിശ്വാസ്യത തകര്‍ക്കാനാണെന്നുമായിരുന്നു ശരത് പവാറിന്റെ ആരോപണം.

എന്നാല്‍ ശരത് പവാറിന്റെ ആരോപണത്തെ തള്ളികൊണ്ട് പവാറിനോട് ആത്മപരിശോധന നടത്തണമെന്ന് ഫഡ്നാവിസ് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ ഏജന്‍സികളെയും സര്‍ക്കാര്‍ നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും പവാര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more