മുംബൈ: കോളേജിൽ നടന്ന മുഖാമുഖം പരിപാടിയിൽ ദരിദ്രരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്കാമോയെന്ന് ചോദിച്ച വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി. അമരാവതിയിലെ ആർട്സ് ആൻഡ് കോമേഴ്‌സ് കോളേജിലെ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ.
വിദ്യാർത്ഥികളിൽ നിന്നും ചോദ്യങ്ങൾ സ്വീകരിക്കുകയും മറുപടി നൽകുകയുമായിരുന്നു മന്ത്രി. ഈ കൂട്ടത്തിലാണ് ഒരു വിദ്യാർത്ഥി, ദരിദ്ര വിദ്യാർത്ഥികൾക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകണമെന്നുള്ള അഭിപ്രായത്തോട് മന്ത്രിയുടെ പ്രതികരണമെന്താണെന്ന് ചോദ്യമുയർത്തിയത്. നിങ്ങൾക്ക് പഠിക്കാൻ കഴിവില്ലെങ്കിൽ വേറെ ഏതെങ്കിലും ജോലിക്ക് പോകണം എന്നായിരുന്നു ഇതിനുള്ള മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ പ്രതികരണം മൊബൈലിൽ ഷൂട്ട് ചെയ്ത വിദ്യാർത്ഥിയെ, അറസ്റ്റ് ചെയ്യാനും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും മന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് ഉത്തരവിടുകയായിരുന്നു. തുടർന്നു പോലീസ് ബലമായി വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മൊബൈലിലുള്ള ദൃശ്യങ്ങൾ നശിപ്പിച്ച് കളയുകയുമായിരുന്നു. മന്ത്രിയുടെ പ്രവൃത്തിയിൽ പ്രതിഷേധവുമായി മറ്റു വിദ്യാർത്ഥികൾ മുന്നോട് വന്നപ്പോൾ പോലീസ് വിദ്യാർത്ഥിയെ വെറുതെ വിട്ടു.
Also Read അയോധ്യകേസില്‍ സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; മെഹ്ബൂബ മുഫ്ത്തി
സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. ബി.ജെ.പിയുടെ ഘടകകക്ഷിയായ ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ അധ്യക്ഷൻ ആദിത്യ താക്കറെയും വിദ്യാർത്ഥികൾക്കായി മുന്നോട്ടു വന്നു.