പൂനൈ: മഹാരാഷ്ട്രയിലെ എൻ.സി.പിയിൽ (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അജിത് പവാർ ) വിള്ളൽ. മുതിർന്ന നേതാവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുമായ ജഗൻ ഭുജ്ബാൽ പാർട്ടി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതോടെ മറ്റൊരു പിളർപ്പിനൊരുങ്ങേണ്ടി വരികയാണ് എൻ.സി.പി.
76 വയസുള്ള ജഗൻ ഭുജ്ബാൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നുണ്ടെന്നും ശിവസേനയിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾക്കാണ് മുൻതൂക്കം. വർഷങ്ങൾക്ക് മുൻപ് ശിവസേനയിൽ നിന്ന് ഇറങ്ങിയ ജഗൻ തിരിച്ച് ശിവസേനയിൽ ചേരാനുള്ള സാധ്യതകൾ കുറവാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നാസിക്കിൽ ഭുജ്ബാലിന് സീറ്റ് നിഷേധിച്ചതും ആ സീറ്റ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് നല്കിയതുമാണ് അദ്ദേഹത്തിന്റെ പാർട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നും വാർത്തകൾ വരുന്നുണ്ട്. അതോടൊപ്പം വളരെ കുറഞ്ഞ വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുകയും സുനേത്ര തന്റെ മണ്ഡലത്തിൽ ജയിച്ച് ലോക്സഭയിലെത്തിയതും അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയെന്ന് മാധ്യമങ്ങൾ പറയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം തന്റെ എതിർപ്പ് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
ഭുജ്ബാൽ നയിക്കുന്ന സമതാ പരിഷത്ത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പാർട്ടിപ്രവർത്തകരും എൻ.സി.പി ഭുജ്ബാലിനോട് പെരുമാറിയ രീതിയിൽ അസംതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭുജ്ബാലുമായി അടുപ്പമുള്ള മറ്റൊരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
‘അദ്ദേഹം വിവിധ സാധ്യതകളെക്കുറിച്ച് ആലോചിക്കുകയാണ്. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സമതാ യോഗം ഉടൻ തന്നെ നടത്തുന്നതാണ്. അന്തിമ തീരുമാനമായില്ലെങ്കിലും അദ്ദേഹം അജിത് പവാറിന്റെ എൻ.സി.പിയിൽ നിന്ന് വിട്ട് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്,’ പാർട്ടി പ്രവർത്തകൻ പറഞ്ഞു.
ഒ.ബി.സി ക്വാട്ടയെക്കുറിച്ചുള്ള തന്റെ നിലപാടും സമീപകാലത്തായി പാർട്ടിയിൽ നിന്ന് നേരിടുന്ന വിവേചനവും പാർട്ടിക്കുള്ളിലെ തന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്ന് പാർട്ടിയിലെ മറ്റ് നേതാക്കൾ പറഞ്ഞു.
ഒ.ബി.സി വിഭാഗത്തിന് പ്രത്യേകം ക്വാട്ട നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ അദ്ദേഹം ഉന്നയിക്കുകയും അവർക്കുവേണ്ടി വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗത്തിനിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ട്. എന്നാൽ താൻ ശിവസേനയിലേക്ക് പോകുമെന്ന വാർത്ത ഭുജ്ബാൽ നിഷേധിച്ചു.
Content highlight: maharashtra minister Chhagan Bhujbal set to leave n .c .p