| Wednesday, 3rd March 2021, 3:32 pm

വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം; അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും വീടുകളിലെ റെയ്ഡില്‍ കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അശോക് ചവാന്‍ പ്രതികരിച്ചത്.

‘അനുരാഗ് കശ്യപിനും തപ്‌സി പന്നുവിനും സംഭവിച്ചത് ഈ രാജ്യത്ത് പുതിയ കാര്യമൊന്നുമല്ല. ഇതിപ്പോള്‍ എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് സംഭവിക്കും. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗമായാണ് ആദായ നികുതി വകുപ്പിനെയും മറ്റും ഉപയോഗിക്കുന്നത്. ഇത്തരം വഴികളിലൂടെ ജനങ്ങളെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ അശോക് ചവാന്‍ പറഞ്ഞു.

അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്. 22 സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ല്‍ ആരംഭിച്ച കമ്പനി 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും തപ്സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കുമെതിരെ പരസ്യമായി ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Maharashtra Minister ashok Chavan against IT raid at Anurag Kashyap and Taapsee Pannu’s houses

We use cookies to give you the best possible experience. Learn more