മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അശോക് ചവാന്‍ പ്രതികരിച്ചത്.
‘അനുരാഗ് കശ്യപിനും തപ്‌സി പന്നുവിനും സംഭവിച്ചത് ഈ രാജ്യത്ത് പുതിയ കാര്യമൊന്നുമല്ല. ഇതിപ്പോള്‍ എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് സംഭവിക്കും. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗമായാണ് ആദായ നികുതി വകുപ്പിനെയും മറ്റും ഉപയോഗിക്കുന്നത്. ഇത്തരം വഴികളിലൂടെ ജനങ്ങളെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ അശോക് ചവാന്‍ പറഞ്ഞു.
അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്. 22 സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍