Kerala News
സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ തീയിടാന്‍ ശ്രമം; ഒരാള്‍ പിടിയില്‍; സംഭവത്തില്‍ ദുരൂഹത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 05, 01:41 pm
Monday, 5th June 2023, 7:11 pm

കോഴിക്കോട്: ദുരൂഹതയുണര്‍ത്തി സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ തീയിടാന്‍ ശ്രമം. കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം വെച്ചാണ് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെയാണ് തീവെപ്പ് ശ്രമം ഉണ്ടായത്.

ട്രെയിനിനുള്ളില്‍ തീയിടാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരനാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെയാണ് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ട്രെയിന്‍ കൊയിലാണ്ടി പിന്നിടുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തീയിടാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാര്‍ ഇയാളെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. റെയില്‍വേ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ ഭിക്ഷക്കാരനായ ആള്‍ രാത്രി ട്രെയിനിന് തീയിട്ടിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായപുഷന്‍ജിത് സിദ്ഗര്‍ (40) ആണ് ദിവസങ്ങള്‍ക്കകം പിടിയിലായത്.

ട്രെയിനില്‍ ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലുള്ള നിരാശ കൊണ്ടാണ് തീ വെച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഇയാള്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതി തീപ്പെട്ടി ഉപയോഗിച്ചാണ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനിന്റെ പിന്നില്‍ നിന്നുള്ള മൂന്നാമത്തെ ബോഗിയില്‍ തീയിട്ടത്. ഒരു സീറ്റിനാണ് തീയിട്ടതെങ്കിലും പിന്നീട് അവിടെ നിന്ന് ബോഗി മുഴുവനായി തീ പടരുകയായിരുന്നു.

updating……..

Content Highlights: maharashtra man tried to set fire in train near kozhikode