മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊവിഡ് ചികിത്സ ടെസ്റ്റിന്റെ പേരില്‍ സ്ത്രീക്ക് നേരേ പീഡനശ്രമം. അമരാവതിയിലെ കൊവിഡ് ലാബോറട്ടറി ടെക്‌നീഷ്യനെതിരെയാണ് ടെസ്റ്റിനായെത്തിയ യുവതി പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം അമരാവതി സ്വദേശിയായ യുവതി അടുത്തുള്ള ഷോപ്പിംഗ് മാളില്‍ പോയിരുന്നു. പിന്നീടാണ് മാളില്‍ എത്തിയവര്‍ കൊറോണ ടെസ്റ്റിന് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
ഇതേത്തുടര്‍ന്നാണ് യുവതിയും സുഹൃത്തും അമരാവതിയിലെ കൊവിഡ് ടെസ്റ്റിംഗ് ലാബിലെത്തിയത്.
ലാബിലെത്തിയ യുവതിയോട് കൊവിഡ് സ്വാബ് ടെസ്റ്റിനായി യോനിയില്‍ നിന്നാണ് സാമ്പിള്‍ എടുക്കുന്നത് എന്ന് ലാബ് ടെക്‌നീഷ്യന്‍ യുവതിയോട് പറഞ്ഞു. പോസിറ്റീവ് ആണോ അല്ലയോ എന്ന് കൃത്യമായി അറിയാനാണ് വജൈനല്‍ സ്വാബ് ടെസ്റ്റ് നടത്തുന്നതെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ വജൈനല്‍ സ്വാബ് ടെസ്റ്റിന് യുവതിയെ വിധേയമാക്കുകയായിരുന്നു.
എന്നാല്‍ ടെസ്റ്റിന് ശേഷം പുറത്തെത്തിയ യുവതി സംഭവം തന്റെ സഹോദരനെ അറിയിച്ചു. മറ്റ് ഡോക്ടര്‍മാരോടും ആരോഗ്യ വിദഗ്ധരോടും ഇവര്‍ ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. സ്വാബ് ടെസ്റ്റിനായി സാമ്പിള്‍ ശേഖരിക്കുന്നത് യോനിയില്‍ നിന്നല്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ ഇവരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ലാബ് ടെക്‌നീഷ്യനെതിരെ പീഡനശ്രമത്തിന് കേസ് നല്‍കിയിരിക്കുകയാണ്. അമരാവതിയിലെ കൊവിഡ് ട്രോമ സെന്റര്‍ ലാബിലാണ് സംഭവം നടന്നത്.
പ്രതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി യശോമതി താക്കൂര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക