ന്യൂദല്‍ഹി: മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത കര്‍ഷക മാര്‍ച്ച് വെറും തുടക്കം മാത്രമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. മറ്റുസംസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നു വ്യക്തമാക്കിയ കര്‍ഷക സംഘടനകള്‍ ഏപ്രിലില്‍ രാജ്യതലസ്ഥാനത്ത് രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ ഒരുമിക്കുന്ന കൂറ്റന്‍ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി.
“സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിലപാട് ചോദ്യം ചെയ്യേണ്ടതുണ്ട്. ഗുവാഹത്തില്‍ പെട്ടെന്നു തന്നെ സമാനമായ റാലി സംഘടിപ്പിക്കും. കൂടാതെ ഏപ്രിലില്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകരെ അണിനിരത്തി ദല്‍ഹിയില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ആ റാലിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ പങ്കുചേരും. കര്‍ഷക സംഘടനാ നേതാക്കള്‍ ഈ മാസം തന്നെ ഗുവാഹത്തിയിലേക്കു പോകും.” കര്‍ഷക നേതാവ് അഖില്‍ ഗോഗോയ് പറഞ്ഞു.
മണ്ണൊലിപ്പും, വെള്ളപ്പൊക്കവുമൊക്കെ കാരണം വടക്കു കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വാങ്ങുന്നില്ല. ഇത് കര്‍ഷകര്‍ക്കു വലിയ നഷ്ടം വരുത്തുന്നു. മഹാരാഷ്ട്രയില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്കും ബാധകമാണ്. ” അദ്ദേഹം പറയുന്നു.
മഹാരാഷ്ട്രയില്‍ കിസാന്‍സഭ നടത്തിയ കര്‍ഷക റാലി വന്‍ വിജയമായതിനു പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്. ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്.
200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ് സമരം അവസാനിക്കുന്നത്. ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
Must Watch: ഭരണകൂടം ഭയപ്പെടുന്ന ആവിഷ്കാരങ്ങൾ; ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം