മുംബൈ: കോണ്‍ഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ശരദ് പവാര്‍ വിഭാഗം എന്‍.സി.പിയും ചേര്‍ന്ന മഹാ വികാസ് അഘാഡിക്ക് കനത്ത തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വരാനിരിക്കുന്നത് പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭ. ആറ് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് മഹാരാഷ്ട്ര നിയമ സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരെയും ചുമതലപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നത്.
നിയമ പ്രകാരം ആകെ നിയമസഭ സീറ്റുകളുടെ 10 ശതമാനം സീറ്റുകളെങ്കിലും സ്വന്തമായുള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹത. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം പുറത്തു വന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ആര്‍ക്കും അത്രയും സീറ്റ് ലഭിച്ചിട്ടില്ല.
288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ആകെയുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെങ്കില്‍ ഏതെങ്കിലുമൊരു പ്രതിപക്ഷ പാര്‍ട്ടിക്ക് 28 സീറ്റുകളെങ്കിലും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും അധികം സീറ്റുകള്‍ ലഭിച്ച ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് പോലും 20 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
കോണ്‍ഗ്രസിന് 16, ശരദ് പവാര്‍ വിഭാഗം എന്‍.സി.പിക്ക് 10, എസ്.പിക്ക് 2, സി.പി.ഐ.എം , പി.ഡബ്ല്യൂ.പി.ഐ 1 ഇങ്ങനെ 50 സീറ്റുകളാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്ക് ലഭിച്ചിട്ടുള്ളത്. സമാനമായ സാഹചര്യം തന്നെയാണ് രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് പാര്‍ലമെന്റിലും സംഭവിച്ചിരുന്നത്. കോണ്‍ഗ്രസിന് തനിച്ച് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ കഴിയുന്ന അംഗസംഖ്യ ഇല്ലാത്തതിനാല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിരുന്നില്ല.
അതേസമയം മഹാരാഷ്ട്ര നിയമ സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന് വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 288 സീറ്റില്‍ 133 സീറ്റുകളും നേടിയാണ് സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്. ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. 132 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ളത്.
ഷിന്‍ഡെ വിഭാഗം ശിവസേനയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ രണ്ടാം കക്ഷി. 57 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്. അജിത് പവാര്‍ വിഭാഗം എന്‍.സി.പിക്ക് 41 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റ കക്ഷി ബി.ജെ.പിയാണെങ്കിലും ഏക്‌നാഥ് ഷിന്‍ഡെ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫഡ്‌നാവിസിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
content highlights: Maharashtra is set to witness the first assembly in six decades without a Leader of the Opposition