|

മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടായേക്കാം; സംസ്ഥാനം തയ്യാറെടുപ്പിലാണെന്ന് ആദിത്യ താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നാം കൊവിഡ് തരംഗം ഉടന്‍ ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ടൂറിസം, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ. മൂന്നാം തരംഗം ഇപ്പോഴുള്ളതിനെക്കാള്‍ ഗുരുതരമാകുമോ, അതോ സാധാരണമാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വാക്‌സിന്‍ ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെങ്കിലും അത് ഭാവിയിലേക്ക് നമ്മളെ സഹായിക്കും. കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായാണ് കൊവിഡുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും എടുക്കുന്നത്. അത് ഒരിക്കലും രാഷ്ട്രീയം നോക്കിയല്ല,’ ആദിത്യ താക്കറെ പറഞ്ഞു.

എന്‍.ഡി.ടി.വി സൊലൂഷന്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളിപ്പോള്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിനായുള്ള കാത്തിരിപ്പിലാണ്.  അഞ്ചുലക്ഷത്തോളം ബെഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അതില്‍ 70 ശതമാനത്തോളം ഓക്‌സിജന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതാണെന്നും താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ദിലിപ് വാല്‍സെ പട്ടീല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി മുതല്‍ രാവിലെ ഏഴുമണി വരെയാണ് രാത്രിയാത്രാ നിരോധനമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മെയ് ഒന്ന് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maharashtra is ready to face 3rd wave of covid 19

Latest Stories

Video Stories