national news
ശിവസേനയെ തള്ളുമോ?; മഹാരാഷ്ട്രയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 03, 12:09 pm
Sunday, 3rd November 2019, 5:39 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടയിലാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മില്‍ ഇതുവരെയും ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 9ന് അവസാനിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം തന്നെ ശിവസേനയുമായി സമവായത്തിലെത്തുമോ എന്ന കാര്യത്തില്‍ മറുപടി നല്‍കാതെയായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം. മുഖ്യമന്ത്രി പദവിയെ ചൊല്ലിയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

സംസ്ഥാനത്ത് കാലാനുസൃതമായ മഴയെത്തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലാണെന്നും അവര്‍ക്ക് വേണ്ട സഹായം പ്രഖ്യാപിക്കണമെങ്കില്‍ ഉടന്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള പോര് നില്‍ക്കുന്നതിനാല്‍ തന്നെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്. ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരും ദിവസങ്ങളില്‍ ജനങ്ങള്‍ അറിയുമെന്നായിരുന്നു ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുടെ പ്രതികരണം.

മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്നു ശിവസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ