മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു.ഇദ്ദേഹത്തിനെതിരെ മുംബൈ പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അഴിമതിയാരോപണ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായി എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.
മന്ത്രിയ്ക്കെതിരായ ആരോപണങ്ങളെപ്പറ്റി വിശദമായി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഐ.പി.എസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.
മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബീര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Maharashtra Home Minister Resigns