| Wednesday, 16th December 2020, 8:21 pm

'കേന്ദ്രം കൊവിഡ് വാക്‌സിന്‍ എത്രയും വേഗം നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് വേറെ വഴികള്‍ നോക്കേണ്ടി വരും'; മഹാരാഷ്ട്ര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ.

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ അവ വിതരണം ചെയ്യുന്നതിനെപ്പറ്റി തങ്ങള്‍ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇനി അത് പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ വാക്‌സിന്‍ ഞങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരും, അദ്ദേഹം പറഞ്ഞു.

അതേസമയം വാക്‌സിനേഷന്‍ നടത്തുന്നതിനെപ്പറ്റി മഹാരാഷ്ട്ര സര്‍ക്കാരിന് വ്യക്തമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാകും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടം പരിശീലനമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ സംബന്ധിച്ച പരിശീലനം നല്‍കുകയാണ് ഒന്നാമത്തെ ഘട്ടം. വാക്‌സിന്‍ വിതരണവും വിലയും സംബന്ധിച്ച കാര്യങ്ങളുടെ ഏകോപനമാണ് രണ്ടും മൂന്നും ഘട്ടത്തിലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനായി മഹാരാഷ്ട്രയിലെ 3 കോടി ജനങ്ങളെ മുന്‍ഗണനവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Maharashtra Health Minister Slams Union Government

We use cookies to give you the best possible experience. Learn more