വാക്‌സിന്‍ ഇല്ലാതെ മെയ് ഒന്ന് മുതല്‍ എങ്ങനെ സാര്‍വത്രിക വാക്‌സിനേഷന്‍ തുടങ്ങും? മഹാരാഷ്ട്ര ആരോഗ്യമന്ത്രി
national news
വാക്‌സിന്‍ ഇല്ലാതെ മെയ് ഒന്ന് മുതല്‍ എങ്ങനെ സാര്‍വത്രിക വാക്‌സിനേഷന്‍ തുടങ്ങും? മഹാരാഷ്ട്ര ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 6:36 pm

മുംബൈ: മതിയായ വാക്‌സിന്‍ ലഭിക്കാതെ മെയ് ഒന്നു മുതല്‍ എങ്ങനെ സാര്‍വാത്രിക വാക്‌സിനേഷന്‍ നടത്തുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ.

12 കോടി ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മാസ് വാക്‌സിനേഷനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

‘എന്നാല്‍ കൃത്യസമയത്ത് വാക്‌സിന്‍ കിട്ടിയില്ലെങ്കില്‍ എങ്ങനെയാണ് മെയ് ഒന്നിന് സാര്‍വത്രിക വാക്‌സിനേഷന്‍ തുടങ്ങുക? ഇത് ഞങ്ങളുടെ മാത്രം അവസ്ഥയല്ല. എല്ലാ സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതുതന്നെയാണ്,’ തോപെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 18 നും 45നും ഇടയിലുള്ളവരുടെ എണ്ണം ഏകദേശം അഞ്ച് കോടിയാണ്. ഇവര്‍ക്കെല്ലാം ആവശ്യമായ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ ഏകദേശം 12 കോടി ഡോസ് വാക്‌സിന്‍ ആവശ്യമാണ്. എന്നാല്‍ വാക്‌സിന്‍ ക്ഷാമം കാരണം മെയ് ഒന്നിന് തന്നെ സാര്‍വത്രിക വാക്‌സിനേഷന്‍ തുടങ്ങാന്‍ പറ്റുമോ എന്ന കാര്യം ആശങ്കയിലായിരിക്കുകയാണെന്നാണ് സംസ്ഥാന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ ലഭ്യതയിലെ പ്രതിസന്ധികള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് രാജേഷ് തോപെ പറഞ്ഞു.

‘സ്വകാര്യമേഖലയില്‍ നല്‍കുന്ന വാക്‌സിന്റെ വില പുനര്‍നിശ്ചയിക്കണമെന്ന് ഞങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മെയ് 20 വരെ വാക്‌സിന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് എസ്.ഐ.ഐയുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അതിന് മുമ്പ് വാക്‌സിന്‍ വിതരണം ചെയ്യില്ലെന്ന് അവര്‍ പറയുന്നു,’ തോപെ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Maharashtra Health Minister About Covid Vaccine