| Tuesday, 13th October 2020, 7:02 pm

ഭരണഘടനയെ അനുസരിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് ആ കത്ത്; മഹാരാഷ്ട്ര ഗവര്‍ണറോട് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്ത് വിവാദമാകുകയാണ്. കത്ത് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

രാജ്യത്തെ ഭരണഘടനയെ അനുസരിക്കാന്‍ ഗവര്‍ണര്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് ഈ നിര്‍ദ്ദേശമെന്നാണ് റാവത്ത് പറഞ്ഞത്.

ഭരണഘടന അനുശാസിക്കുന്ന മതേതരത്വം മുന്‍നിര്‍ത്തിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്ന ഗവര്‍ണര്‍ ഭരണഘടനയില്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ്- റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ-ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഗവര്‍ണര്‍ ഉന്നയിച്ചത്.

ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു എന്നായിരുന്നു ഉദ്ദവ് പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവുവും മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടിക്കെതിരെ രംഗത്തെത്തി.

ബി.ജെ.പിയുടെ പിണിയാളായി ഗവര്‍ണര്‍ കോഷ്യാരി മാറി. മതേതരത്വമാണ് ഭരണഘടന ഓരോ പൗരനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആ ഭരണഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി കൂടിയാണ് നിങ്ങള്‍. എല്ലാവരേയും ഒരുപോലെ കണ്ട് പെരുമാറൂ. ഉദ്ദവ് താക്കറെയ്ക്ക് നിങ്ങള്‍ അയച്ച കത്ത് അനുചിതമാണ്,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നീട്ടിവെച്ചത്. എന്നാല്‍ സാഹചര്യം മനസിലാക്കി പെരുമാറേണ്ട ഗവര്‍ണറില്‍ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഒട്ടും പക്വമല്ലെന്നും വെറും ബി.ജെ.പി വക്താവായി അദ്ദേഹം തരംതാഴ്ന്നെന്നുമാണ് ഉയരുന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sanjay Raut Slams Maharashtra Governor

We use cookies to give you the best possible experience. Learn more