മഹാരാഷ്ട്ര ഗവര്‍ണര്‍ ആര്‍.എസ്.എസ് മേലങ്കി അഴിച്ചു വെക്കണം; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 'അഘാടി' സംഖ്യത്തെ ക്ഷണിക്കണമെന്നും മനീഷ് തിവാരി
national news
മഹാരാഷ്ട്ര ഗവര്‍ണര്‍ ആര്‍.എസ്.എസ് മേലങ്കി അഴിച്ചു വെക്കണം; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 'അഘാടി' സംഖ്യത്തെ ക്ഷണിക്കണമെന്നും മനീഷ് തിവാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 6:05 pm

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി ആര്‍.എസ്.എസ് മേലങ്കി അഴിച്ചു വെക്കണമെന്നും ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ചരട് ഗവര്‍ണറുടെ കയ്യിലാണെന്നും ഗവര്‍ണര്‍ ബി.ജെ.പിയുടെ മേല്‍നോട്ടത്തിലാണെന്നും മനീഷ് തിവാരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കുകയും ചെയ്തിരുന്നു. ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഫഡ്നാവിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ചര്‍ച്ചയും പൂര്‍ത്തിയാക്കി ഗവര്‍ണറെ സമീപിക്കാനാരിക്കെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി എന്‍.സി.പി നേതാവായിരുന്ന അജിത് പവാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫഡ്‌നാവിസിന് പിന്തുണ നല്‍കി ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുകയും അജിത് പവാറിന് ബി.ജെ.പി ഉപമുഖ്യമന്ത്രി പദവി നല്‍കുകയും ചെയ്തു.

അതേസമയം, ബി.ജെ.പി എം.എല്‍.എയായ കാളിദാസ് കൊലാംബ്കറെ ഗവര്‍ണര്‍ പ്രോടേം സ്പീക്കറായി നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹം നാളെ നേതൃത്വം നല്‍കും.