മുംബൈ: പതഞ്ജലി സ്ഥാപകന്‍ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് താക്കീതുമായി രംഗത്തെത്തിയത്.
‘വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
കൊറോണിലിന്റെ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചു.
ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഹാഷ്ടാഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം എടുത്ത തീരുമാനത്തെ അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.
കൃത്യമായ അളവുകളോ ക്ലിനിക്കല്‍ പരിശോധനകളോ ആധികാരികമായ രജിസ്‌ട്രേഷനുമൊന്നുമില്ലാത്ത, കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ ഇറങ്ങിയ മരുന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആയുഷ് മന്ത്രാലയം അതിന്റെ പരസ്യം നിരോധിച്ചത് വലിയ കാര്യമാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
എന്നാല്‍ രാംദേവിന്റെ മരുന്നിനെ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. രാംദേവ് രാജ്യത്തിന് പുതിയ മരുന്ന സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി ശ്രീപഥ് നായിക് പറഞ്ഞു.
നിയമം അനുസരിച്ച് അവര്‍ ആദ്യം ആയുഷ് മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിക്കണം. രാംദേവ് മരുന്നുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് അയക്കണം. ഞങ്ങള്‍ അത് പരിശോധിച്ച ശേഷം മാത്രമേ മരുന്നിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് ആയുഷ് വകുപ്പ് മന്ത്രി ശ്രീപഥ് നായിക് പറഞ്ഞത്.
The National Institute of Medical Sciences, Jaipur will find out whether clinical trials of @PypAyurved‘s ‘Coronil’ were done at all. An abundant warning to @yogrishiramdev that Maharashtra won’t allow sale of spurious medicines. #MaharashtraGovtCares#NoPlayingWithLives
കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമാണ് രാം ദേവിന്റെ പതജ്ഞലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടു.
രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതജ്ഞലി ആയുര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം
പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാല്‍ ആരിലൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തിയതെന്നോ എന്തെല്ലാമാണ് മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ വ്യക്തമല്ല.
മാര്‍ച്ച് മാസത്തിലും കൊവിഡിന് മരുന്ന് കണ്ടുപിടിച്ചതായി രാം ദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തെത്തിയിരുന്നു.
രാംദേവിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി ഡോക്ടറായ ഗിരിധര്‍ പറഞ്ഞിരുന്നു.
അടിസ്ഥാനരഹിതമായ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥരായ ആളുകള്‍ ഇതിലൂടെ വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്’, എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
കമ്പനി പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ പതഞ്ജലിയെന്ന കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ പ്രോട്ടീന്‍ മ0നുഷ്യ ശരീരത്തിലെ പ്രോട്ടീനുമായി കൂടിച്ചേരാന്‍ അനുവദിക്കില്ലയെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം. എന്നാല്‍ ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുമ്പോഴും ഇതിന് യാതൊരു തെളിവുകളും അദ്ദേഹം നിരത്തിയിരുന്നില്ല.
നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വാകിസിനുകള്‍ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
കൊവിഡ്-19 പ്രതിരോധത്തിനിനും നിര്‍ണയത്തിനും അശാസ്ത്രീയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് നേരത്തേയും രാം ദേവ് രംഗത്തെത്തിയിരുന്നു.
ഒരു മിനുട്ട് ശ്വാസം പിടിച്ചുവെക്കാനാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൊവിഡ് രോഗം ഇല്ലെന്നും ഒപ്പം മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതിലൂടെ കൊറോണ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തുകയും വയറ്റിലെ ആസിഡ് അംശം കാരണം കൊറോണ വൈറസ് ഇല്ലാതാവുമെന്നുമായിരുന്നു രാംദേവ് പറഞ്ഞത്.
എന്നാല്‍ കൊവിഡ് പ്രതിരോധത്തിനും നിര്‍ണയത്തിനും മെഡിക്കല്‍ രംഗം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത അശാസ്ത്രീയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചതിന് ബാബ രാം ദേവിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക