ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ കാര്‍ഷിക നിയമത്തെ പിന്തുണച്ചുള്ള സെലിബ്രിറ്റികളുടെ ട്വീറ്റ്? അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര
national news
ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ കാര്‍ഷിക നിയമത്തെ പിന്തുണച്ചുള്ള സെലിബ്രിറ്റികളുടെ ട്വീറ്റ്? അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2021, 3:04 pm

മുംബൈ: കാര്‍ഷിക നിയമത്തെ പിന്തുണച്ചുള്ള സെലിബ്രികളുടെ ട്വീറ്റുകള്‍ക്ക് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താനൊരുങ്ങി മഹാരാഷ്ട്രാ സര്‍ക്കാര്‍.

ട്വീറ്റുകളില്‍ പൊലീസ് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണം നടത്തിയേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്രത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്താന്‍ സെലിബ്രിറ്റികള്‍ക്ക് മേല്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അക്ഷയ് കുമാര്‍, ലതാ മങ്കേഷ്‌ക്കര്‍ തുടങ്ങിയവര്‍ കര്‍ഷക നിയമത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു.

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിയാനയ്ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Maharashtra Govt to Probe if Celebrities, Cricketers Tweeted Under Pressure in Support of Farm Laws