| Sunday, 4th April 2021, 6:00 pm

മഹാരാഷ്ട്രയില്‍ ഭാഗികമായ ലോക്ക് ഡൗണ്‍; രാത്രിയാത്ര നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായ ലോക്ക് ഡൗണും മറ്റ് ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാര്‍സല്‍ സര്‍വീസുകള്‍ മാത്രമെ അനുവദിക്കൂ.

ഉദ്യോഗസ്ഥര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അസ്‌ലം ഷെയ്ഖ് അറിയിച്ചു.

തിയേറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. നിര്‍മാണ പ്രവൃത്തികള്‍ നിയന്ത്രണങ്ങളോടെയും മുന്‍കരുതലുകളോടെയും തുടരാം. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല.

ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു.

നേരത്തെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ എന്നിവരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നേരത്തെ സംസ്ഥാനത്തെ സിനിമ-വ്യാവസായ രംഗത്തെ പ്രമുഖരുമായും വിവിധ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ ഓക്‌സിജന്‍ വിതരണക്കാരുമായി മന്ത്രി രാജേന്ദ്ര ഷിഗ്നെ കൂടിക്കാഴ്ച നടത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം ഇപ്പോഴത്തെ പോലെ തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

277 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 55,656 പേര്‍ മരണപ്പെടുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maharashtra govt to implement strict lockdown-like Covid-19 curbs over rising cases in state

We use cookies to give you the best possible experience. Learn more