മുംബൈ: മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേരിടുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കും.
മദ്യവില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും ചരിത്രസ്മാരകങ്ങളായ കോട്ടകളുടെയും പേരിടുന്നത് വിലക്കാനാണ് തീരുമാനം. ഇതിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പിനെയും എക്‌സൈസ് വകുപ്പിനെയും നിയോഗിച്ചു.
നിയമസഭാ സമ്മേളനത്തിലാണ് മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടരുതെന്ന ആവശ്യം ഉയര്‍ന്നുവന്നത്. എന്‍.സി.പി എം.എല്‍.എയായ അമര്‍സിന്‍ഹ് പണ്ഡിറ്റാണ് മാസങ്ങള്‍ക്ക് മുന്‍പ് വിഷയം സഭയില്‍ ഉന്നയിച്ചത്.
Also Read: കൊച്ചിയില്‍ 15 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കേരളത്തിലെ വലിയ മയക്കുമരുന്ന് വേട്ട
” ധാരാളം മദ്യശാലകള്‍ ഛത്രപതി, തുല്‍ജ ഭവാനി, ജയ് അംബേ തുടങ്ങിയ പേരിലാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ചില ബിയര്‍ പാര്‍ലറുകള്‍ക്ക് ചരിത്ര സ്മാരകങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്.”
ഇത് സംസ്‌കാരത്തിന്റെ മഹത്വത്തെ നിറം കെടുത്തുന്നതാണെന്ന് പണ്ഡിറ്റ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഉദ്യോഗസ്ഥതലത്തില്‍ നിരവധി ചര്‍ച്ചകളും സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നടത്തി.
മഹാലക്ഷ്മി ബാറും ജയ് അംബേ ബിയര്‍ പാര്‍ലറുമെല്ലാം സംസ്ഥാനത്ത് ധാരാളമുണ്ടെന്നും ഇത് ദേവീദേവന്‍മാരുടെ പേരിന്റെ ദുരുപയോഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലേ സഭയെ അറിയിക്കുകയും ചെയ്തു.
എക്സൈസ് വകുപ്പിലെയും തൊഴില്‍വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി യോഗം ചേര്‍ന്ന് ഇതിനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ചു. നിലവില്‍ സംസ്ഥാനത്തെ എക്സൈസ് നിയമത്തിലും തൊഴില്‍ നിയമത്തിലും ഇത്തരമൊരു വിലക്കിനുള്ള ചട്ടങ്ങളില്ല.
കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനായി തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയാണ്. ഇതോടൊപ്പം മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെ പേരിടുന്നത് വിലക്കുന്നതിനുള്ള ചട്ടംകൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാനാണ് തീരുമാനം.