ശനിയാഴ്ച അര്‍ധരാത്രിയാണ് ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് രാഷ്ട്രപതിഭവന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ മിസോറാമിലേക്ക് പോകാന്‍ തനിക്കിപ്പോളാവില്ലെന്നും ഇനിയും സജീവരാഷ്ര്ട്രീയത്തിലിറങ്ങുമെന്നും രാജിക്കത്ത് രാഷ്ട്രപതിഭവന് കൈമാറിയതിനുശേഷം ശങ്കരനാരായണന്‍ മുംബൈയില്‍ വ്യക്തമാക്കി.
രാജിവച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നയാളാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
യു.പി.എ കാലയളവില്‍ നിയമിച്ചവര്‍ രാജിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് 82 കാരനായ ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് രാഷ്ട്രപതിഭവന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കൊഹ്‌ലിക്ക് മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കുകയും ചെയ്തു. മിസോറാം ഗവര്‍ണറായിരുന്ന കമല ബേനിവാളിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ശങ്കരനാരായണനെ സ്ഥലം മാറ്റിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച 12 ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ആറ് പേര്‍ നിര്‍ദേശം അനുസരിച്ചപ്പോള്‍ ശങ്കരനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തങ്ങള്‍ രാഷ്ട്രപതിയുടെ പ്രതിനിധികളാണെന്നും തങ്ങളോട് പുറത്തുപോകാന്‍ പറയേണ്ടത് സര്‍ക്കാരല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരസ്യപ്രതികരണം.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബംഗാള്‍ ഗവര്‍ണറായിരുന്ന എം. കെ. നാരായണനും ഗോവ ഗവര്‍ണറായിരുന്ന ബി.വി. വാഞ്ജുവും സ്ഥാനം രാജിവച്ചു. സ്ഥലംമാറ്റലിനെത്തുടര്‍ന്ന് മലയാളിയായ വക്കം പുരുഷോത്തമനും രാജിവച്ചു. അതേസമയം, സ്ഥലം മാറ്റിയും കേസില്‍ കുടുക്കിയും ഗവര്‍ണര്‍മാരെ രാജിവയ്പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേഷി സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
സ്ഥലംമാറ്റിയ നടപടിയെ നിയമപരമായി നേരിടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരുനീക്കം തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിലേക്ക് തിരിച്ചുപോകുമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളിയായ ശങ്കരനാരായണന്‍ നാഗാലന്റ് ഗവര്‍ണറായാണ് ആദ്യം നിയമിതനായത്. പിന്നീട് ജാര്‍ഖണ്ഡിലേക്ക് മാറി. 2010 ജനുവരി 22നാണ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായത്. 2017 വരെയായിരുന്നു ശങ്കരനാരായണന് കാലാവധിയുണ്ടായിരുന്നത്.