മുംബൈ: റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി അര്‍ണബിന്റെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും തനിക്ക് കനത്ത ആശങ്കയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
അര്‍ണബിന്റെ കുടുംബത്തെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
അര്‍ണബ് ഗോസ്വാമി കസ്റ്റഡിയില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ പിടിച്ചെടുക്കുകയും അലിബാഗിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് തലോജ ജയിലിലേക്കു മാറ്റുകയും ചെയ്തിരുന്നു. കസ്റ്റഡിയിലായവരെ ക്വാറന്റീനില്‍ വയ്ക്കുന്നതിന് അലിബാഗിലെ സ്‌കൂളില്‍ താല്‍ക്കാലികമായി തയാറാക്കിയ കേന്ദ്രത്തിലായിരുന്നു അര്‍ണബ് ഇതുവരെ.
ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായതു ശ്രദ്ധയില്‍പ്പെട്ട റായ്ഗഢ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് രഹസ്യമായി സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
പ്രതിഫലക്കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ചാനലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്വയ് നായിക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലായത്.
അലിബാഗിലെ ജയിലര്‍ ഉപദ്രവിച്ചെന്നായിരുന്നു തലോജ ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനില്‍നിന്ന് അര്‍ണബ് വിളിച്ചു പറഞ്ഞത്. തന്റെ ജീവന്‍ അപകടത്തിലാണ്. അഭിഭാഷകനുമായി സംസാരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അര്‍ണബ് പൊലീസ് വാഹനത്തില്‍ വെച്ച് ആക്രോശിച്ചിരുന്നു.
അതിനിടെ, അടിസ്ഥാനരഹിതമായ കുറ്റം ചാര്‍ത്തിയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ സമ്യബ്രതറായ് ഗോസ്വാമി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബര്‍ നാലിനാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്നാണ് ഇവരെ സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റിയത്. ഇന്ന് വൈകിട്ട് മൂന്നിന് അര്‍ണബിന്റെ ഇടക്കാല ജാമ്യഹരജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. ഇതിന് പിന്നാലെയാണ് അര്‍ണബിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണറും രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Maharashtra Governor “Concerned” Over Arnab Goswami’s Health In Jail