മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ പ്രസംഗത്തെച്ചൊല്ലി വൻ വിമർശനങ്ങൾ ഉയരുന്നതിനിടെ വിശദീകരണവുമായി ഗവർണറുടെ ഓഫീസ്.
‘ഗുജറാത്തികളും രാജസ്ഥാനികളും നൽകിയ സംഭാവനയെക്കുറിച്ച് മാത്രമാണ് ഞാൻ സംസാരിച്ചത്. മറാത്തികൾ കഠിനാധ്വാനം ചെയ്താണ് മഹാരാഷ്ട്ര കെട്ടിപ്പടുത്തത്, അതുകൊണ്ടാണ് പല മറാത്തി സംരംഭകരും ഇന്ന് പ്രശസ്തരായത്.
മഹാരാഷ്ട്രയെ വളർത്തിയെടുക്കുന്നതിൽ മറാത്തികളുടെ സംഭാവനയാണ് ഏറ്റവും കൂടുതൽ. മുംബൈ മഹാരാഷ്ട്രയുടെ അഭിമാനമാണ്,’ എന്ന് കോഷിയാരിയെ ഉദ്ധരിച്ച് കൊണ്ട് ശനിയാഴ്ച ഗവർണറുടെ ഓഫീസ് പറഞ്ഞു.
‘നിങ്ങൾക്ക് മുംബൈയെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്ന് വിളിക്കാം, എന്നാൽ നിങ്ങൾ ഗുജറാത്തികളെയും മറാത്തികളെയും ഇവിടെനിന്നും പറഞ്ഞുവിട്ടാൽ, ആ ടാഗ് നിലനിർത്താൻ കഴിയില്ല.’ പ്രസംഗത്തിൽ ഗവർണർ നേരത്തെ പറഞ്ഞു
ഗവർണറുടെ പ്രസംഗം മറാത്തികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. മറാത്തി-ഗുജറാത്തി തർക്കത്തിനും പ്രസംഗം കാരണമായി.
ശനിയാഴ്ച മുംബൈയിൽ നടന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
നഗരത്തിന്റെ സാമ്പത്തികാവസ്ഥയിൽ പ്രധാനമായും ഗുജറാത്തികളുടെയും മറാത്തികളുടെയും സംഭാവനകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച ശാന്തിദേവി ചമ്പലാൽജി കോത്താരിയുടെ പേരിലുള്ള അന്ധേരിയിലെ ചൗക്കിന്റെ ഉദ്ഘാടന ചടങ്ങിൽ വെള്ളിയാഴ്ചയായിരുന്നു കോഷിയാരിയുടെ വിവാദ പ്രസംഗം .
‘മുംബൈയിൽ നിന്നും താനെയിൽ നിന്നുമെല്ലാം ഗുജറാത്തികളെയും രാജസ്ഥാനികളെയും പുറത്താക്കിയാൽ പണമൊന്നും ബാക്കിയുണ്ടാവില്ല,’ എന്നാണ് കോഷിയാരി വിവാദ പ്രസംഗത്തിൽ പറഞ്ഞത്.
കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിന്റെ പരാമർശത്തെ ശക്തമായി എതിർത്തിരുന്നു. ഇത് മറ്റ് സമുദായങ്ങളെ അപമാനിക്കുന്നതാണെന്ന് അവർ പറഞ്ഞു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ കോഷിയാരിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.