പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്തുന്നതിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ
national news
പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്തുന്നതിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2024, 10:38 am

മുംബൈ: പാഠ്യപദ്ധതിയില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. നടപടി വിവാദമായതോടെയാണ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത്.

പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സര്‍ക്കാരിന്റെയും സ്റ്റിയറിങ് കമ്മിറ്റിയുടെയും അനുമതിയില്ലാതെ പുറത്തുവിട്ടുവെന്നാണ് വിദ്യാഭ്യാസമന്ത്രി ദീപക് കേസാര്‍കറുടെ വിശദീകരണം.

വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്താണ് സര്‍ക്കാര്‍ മനുസ്മൃതിയിലെ ശ്ലോകങ്ങള്‍ ചേര്‍ത്തത്. കഴിഞ്ഞ ദിവസം പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി മഹാരാഷ്ട്ര പാഠ്യപദ്ധതി തയ്യാറാക്കുന്ന സമിതി സിലബസ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സമിതിയുടെ തീരുമാനം വിവാദമാകുന്നത്.

ഭഗവത് ഗീതയും കവി രാംദാസ് സ്വാമിയുടെ മന്‍സെ ശ്ലോകവുമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ശ്ലോകങ്ങള്‍ പഠിക്കുന്നതിലൂടെ കുട്ടികളുടെ ഓര്‍മ ശക്തി വര്‍ധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

സമാനമായ സംസ്‌കൃത ശ്ലോകങ്ങള്‍ നിലനില്‍ക്കെ മനുസ്മൃതി ഉള്‍പ്പെടുത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനം. സംഭവത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ കൂടുതല്‍ സമര്‍ദത്തിലാവുകയായിരുന്നു.

മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തെ ദളിതര്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയിലും തെറ്റായ സൂചന നല്‍കുമെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനുപുറമെ ഒന്നാം ക്ലാസ് മുതല്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കുന്നതിലും സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

11, 12 ക്ലാസുകളില്‍ ഇംഗ്ലീഷ് ഭാഷ ഒഴിവാക്കിയത് പ്രാദേശിക ഭാഷയില്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസം നല്‍കാനാണെന്നും ദീപക് കേസാര്‍കര്‍ പറഞ്ഞു.

Content Highlight: Maharashtra government withdraws from inclusion of Manusmriti in curriculum