മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന്‍ വൈകുന്നേരം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി നടത്താനിരുന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച മാറ്റിവെച്ചു. ഗവര്‍ണറെ കാണാനുള്ള അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്നാണ് നേതാക്കള്‍ അറിയിച്ചത്.
സര്‍ക്കാര്‍ രൂപീകരിക്കാനല്ല, സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണറെ കാണുന്നതെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. പൊതു മിനിമം പരിപാടികളുടെ കരട് തയ്യാറായ സാഹചര്യത്തിലാണ് നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനാണ് ഗവര്‍ണറെ കാണുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുസ്ഥിരമായ ഒരു സര്‍ക്കാര്‍ തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആശയക്കുഴപ്പമൊന്നുമില്ലെന്നും ശരദ് പവാര്‍ നേരത്തെ അറിയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ എന്തായാലും ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും അഞ്ചുവര്‍ഷം പൂര്‍ണമായി ഭരിക്കുമെന്നും പവാര്‍വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മറുപടി നല്‍കുകയായിരുന്നു ശരദ് പവാര്‍.
അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ശരദ് പവാറും ഞായറാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടി മാത്രമായി തീരുമാനം എടുക്കില്ലെന്നും ഇരു നേതാക്കളും ഞായറാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ചുമതലയുള്ള നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.