| Sunday, 26th July 2020, 10:42 pm

അശോക് ചവാനെ അനുനയിപ്പക്കാന്‍ രണ്ടാമത്തെ ചര്‍ച്ചക്കിറങ്ങി താക്കറെ; മഹാരാഷ്ട്ര സഖ്യത്തില്‍ പ്രശ്‌നമോ പരിഹാരമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരിലെ പ്രശ്‌നങ്ങള്‍ ഘടകകക്ഷികള്‍ ചര്‍ച്ച ചെയ്ത് രമ്യതയിലെത്തുന്നെന്ന് സൂചന. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും കോണ്‍ഗ്രസ് മന്ത്രിമാരായ അശോക് ചവാനും ബാലാസഹേബ് തോറാട്ടും നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ശുഭസൂചനകളാണ് ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് ക്യാമ്പിനെ അനുനയിപ്പിക്കാന്‍ താക്കറെ മുന്നിട്ടിറങ്ങുന്നത്. ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറും യോഗത്തില്‍ പങ്കെടുത്തെന്നാണ് വിവരം.

സഖ്യസര്‍ക്കാര്‍ തീരുമാനങ്ങളെടുക്കവെ തങ്ങളെ അവഗണിക്കുന്നു എന്ന ആരോപണമാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നത്. സമാന ആരോപണവുമായി പല കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തിയിരുന്നു. എന്‍.സി.പിക്ക് നല്‍കുന്ന പ്രാധാന്യം ഉദ്ദവ് താക്കറെ തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തില്‍ തങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും പല കാര്യങ്ങളിലെയും ആലോചനകളില്‍ തങ്ങളെ ഉള്‍പ്പെടുത്തുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രശ്‌നം. അതേസമയം തന്നെ സഖ്യത്തില്‍ വിള്ളലുകളുണ്ടെന്ന ആരോപണങ്ങളെയും അഭ്യൂഹങ്ങളെയും കോണ്‍ഗ്രസ് അടക്കം ഇടപെട്ട് പരസ്യമായി തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.

തന്റെ വകുപ്പുകളെക്കൂടി ബാധിക്കുന്ന തീരുമാനങ്ങളില്‍ ആലോചനകള്‍ നടത്താതെ തീരുമാനമെടുക്കുന്നു എന്നതിലായിരുന്നു ചവാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ചവാനെ അറിയിക്കാതെയാണെന്ന് കോണ്‍ഗ്രസ് ക്യാമ്പ് പരാതിപ്പെടുന്നു.

ജൂണ്‍ 18ന് താക്കറെയോട് ഈ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു. താന്‍ വ്യക്തിപരമായിത്തന്നെ ഈ വിഷയങ്ങള്‍ പരിശോധിക്കാം എന്ന ഉറപ്പാണ് താക്കറെ അന്ന് നല്‍കിയത്. എന്നാല്‍ ഇതേവിഷയം ചവാന്‍ വീണ്ടും ഉന്നയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉറപ്പ് കോണ്‍ഗ്രസിന് ഇത്തവണ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more