| Saturday, 18th March 2023, 9:56 am

മഹാരാഷ്ട്രാ കര്‍ഷക സമരം; ഒരു മരണം; രേഖാമൂലം ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവിധ ആവശ്യങ്ങളുമായി മഹാരാഷ്ടയിലെ നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷക സമരത്തില്‍ ഒരു കര്‍ഷകന്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കവെ പുന്തലിക് ജാദേവ് എന്ന കര്‍ഷകനാണ് മരിച്ചത്.

സി.പി.ഐ.എമ്മിന്റെയും കിസാന്‍ സഭയുടെയും നേതൃത്വതത്തില്‍ നടക്കുന്ന സമരം താനെ ജില്ലയിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷഹാപൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് ചര്‍ച്ചയില്‍ പറഞ്ഞതോടെ സമരം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ ഏക്‌നാഥ് ഷിന്‍ഡെ കര്‍ഷകര്‍ ഉയര്‍ത്തിയ 14 ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും അതിന്റെ നടപടികള്‍ ഉടനെ ആരംഭിക്കുവെന്നും പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട ചെയ്തു.

തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി മുതിര്‍ന്ന മന്ത്രിമാരും കിസാന്‍ സഭയിലെ രണ്ട് പേരും അടങ്ങുന്ന ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും അവ ഉടനെ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ജെ.പി. ഗാവിത് പറഞ്ഞിരുന്നു.

‘കര്‍ഷക സമരം വിജയിച്ചു. സമരത്തിലെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ച വിവരം രേഖാമൂലം നല്‍കാതെ കര്‍ഷകര്‍ പിരിഞ്ഞ് പോകില്ല,’ ഗാവിത് പറഞ്ഞു.

ഈ മാസം തുടക്കത്തില്‍ നാസികില്‍ നിന്നാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക ജാഥ ആരംഭിച്ചത്.

സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, കര്‍ഷകരുടെ വൈദ്യുത ബില്ല് എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഈടാക്കുക, പരമ്പരാഗതമായി കൃഷി ചെയ്ത് വരുന്ന വനഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളുക, കൃഷിനാശങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സമരത്തില്‍ ഉന്നയിച്ചത്.

നേരത്തെ രണ്ട് തവണ പറഞ്ഞുറപ്പിച്ച യോഗത്തില്‍ നിന്ന് പിന്മാറിയ സര്‍ക്കാര്‍ വെളളിയാഴ്ച യോഗം നടത്തുകയായിരുന്നു.

content highlight: Maharashtra Farmers Strike; a death; Farmers will not withdraw without getting a written assurance

We use cookies to give you the best possible experience. Learn more