മുംബൈ: സര്‍ക്കാരിനെതിരായ കിസാന്‍ സഭയുടെ മാര്‍ച്ചിനു പിന്നാലെ മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം. പി.എന്‍.ബി തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന നീരവ് മോദിയുടെ സ്ഥാപനം ഏറ്റെടുത്ത 125 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് കര്‍ഷകര്‍. അഹമ്മദ്‌നഗര്‍ ജില്ലയിലെ കര്‍ഷകരാണ് പ്രക്ഷോഭം നടത്തുന്നത്.
ഇതിന്റെ ഭാഗമായി 200 ഓളം വരുന്ന കര്‍ഷകര്‍ ട്രാക്ടറുമായി എത്തി നിലം ഉഴുതു. 125 ഏക്കറിലും ഉടന്‍ കൃഷി തുടങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു.
ഗാന്ധിജിയുടെയും അംബേദ്കറുടെയും ഫോട്ടോയും ദേശീയ പതാകയും കൈയിലേന്തിയായിരുന്നു കര്‍ഷകരുടെ പ്രക്ഷോഭം. തങ്ങള്‍ ബാങ്കിലേക്ക് ലോണ്‍ ആവശ്യവുമായി ചെല്ലുമ്പോള്‍ ബാങ്കധികൃതര്‍ ലോണ്‍ തരാന്‍ തയ്യാറാകാറില്ല എന്നും എന്നാല്‍ നീരവ് മോദിക്ക് കോടിക്കണക്കിന് രൂപ ലോണ്‍ അനുവദിക്കുന്നതില്‍ യാതൊരു തടസവുമുണ്ടാകാറില്ലെന്നും കര്‍ഷകര്‍ പറയുന്നു.
നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ കമ്പനിക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ഏക്കറിന് 15000 രൂപ നല്‍കിയാണ് നീരവ് മോദി തങ്ങളുടെ ഭൂമി ഏറ്റെടുത്തതെന്ന് കര്‍ഷകര്‍ പറയുന്നു.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് 20 ലക്ഷത്തോളം നഷ്ടപരിഹാരം നല്‍കുന്ന സ്ഥാനത്താണ് തുച്ഛമായ തുകയ്ക്ക് നീരവ് മോദി ഭൂമി തട്ടിയെടുത്തതെന്ന് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ കര്‍ഭാരി ഗാവ്‌ലി പറയുന്നു.
ബാങ്ക് തട്ടിപ്പിനുശേഷം നീരവ് മോദി രാജ്യം വിട്ടതിനെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റാണ് ഭൂമി ഏറ്റെടുത്തിരുന്നത്.
വീഡിയോ കടപ്പാട്- മിറര്‍ നൗ