മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വ്യാജ ഷെഡ്യൂള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ഇതുവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു എന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണെന്ന് അവകാശപ്പെടുന്ന വിവരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
‘മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 27 ന് പത്രിക സമര്‍പ്പിച്ച് ഒക്ടോബര്‍ 15 ന് വോട്ടെടുപ്പും ഒക്ടോബര്‍ 19 ന് വോട്ടെണ്ണലും നടക്കും’ എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിവരങ്ങളാണ്.
മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് പത്രസമ്മേളനം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ പങ്കിടല്‍ ചര്‍ച്ചകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസും എന്‍.സി.പിയും 125 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചിരുന്നു.